കോവിഡ് രണ്ടാം തരംഗം നാടിനെ ഒന്നടങ്കം തളര്‍ത്തിയിരിക്കുകയാണ്. അതിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ ഭീഷണിയാവുകയാണ് ബ്ലാക്ക് ഫംഗസ് അണുബാധയും. രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളുടെ കുത്തനെയുള്ള വര്‍ധനവ് ഭീതിപ്പെടുത്തുന്നതാണ്. ബ്ലാക്ക് ഫംഗസ് അണുബാധ ചികിത്സിക്കുന്നതിനുള്ള മരുന്നിന്റെ കുറവാണ് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്ന പ്രധാന കാര്യം.
സ്വയം ചികിത്സയും സ്റ്റിറോയ്ഡുകളുടെ അമിതോപയോഗവുമാണ് വിനാശകരമായ ബ്ലാക്ക് ഫംഗസ് അണുബാധയ്ക്ക് കാരണമെന്ന് തുറന്നുപറയുകയാണ് ഡോക്ടര്‍മാര്‍. ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് ബാധിച്ച രോഗികളുടെ വര്‍ധനവ് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതുമൂലമുള്ള മരണനിരക്ക് കുറഞ്ഞത് 50 ശതമാനമാണ്. മൂക്കില്‍ നിന്ന് ആരംഭിച്ച് കണ്ണിലേക്കും തലച്ചോറിലേക്കും രോഗം വേഗത്തില്‍ പടരുന്നു. വളരെയധികം സ്റ്റിറോയിഡുകളും മറ്റു മരുന്നുകളും നല്‍കുന്നത് അണുബാധയ്ക്കും ആന്റിബയോട്ടിക് പ്രതിരോധത്തിനും കാരണമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
‘ഞാന്‍ കാണുന്ന കേസുകളുടെ എണ്ണം ഭയപ്പെടുത്തുന്നതാണ്. സാധാരണയായി ജീവിതകാലം മുഴുവന്‍ നാലോ അഞ്ചോ കേസുകളാണ് കാണാറുള്ളത്. ഇപ്പോള്‍ ഒരു ദിവസം നാലോ അഞ്ചോ കേസുകള്‍ കാണുന്നു. ഈ കേസുകളെല്ലാം അനാവശ്യമായി സ്റ്റിറോയിഡുകള്‍ ഉപയോഗിച്ചതിനാലാണെന്ന് എനിക്ക് തോന്നുന്നു.”- ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. അതുല്‍ മിത്തല്‍ പറയുന്നു.
‘മ്യൂക്കോമൈക്കോസിസ് അണുബാധയുള്ള ആളുകളില്‍ ഫംഗസ് നാശം വരുത്തിയ ടിഷ്യൂസ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ആവശ്യമാണ്. പല രോഗികളും കൊറോണ വൈറസില്‍ നിന്ന് കരകയറിയത് അവരുടെ ജീവന് രക്ഷിക്കാനായി കണ്ണും താടിയെല്ലുമൊക്കെ നഷ്ടപ്പെടുത്തിയാണ്. ബ്ലാക്ക് ഫംഗസ് അണുബാധ അതിവേഗം പടരാന്‍ തുടങ്ങിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇത് കൂടുതല്‍ ആളുകളെ കൊല്ലും. ഞങ്ങള്‍ക്ക് രോഗം പടരുന്നത് തടയാന്‍ കഴിയില്ല, അത് കീടങ്ങളെപ്പോലെ ആക്രമിച്ചുകൊണ്ടിരിക്കും.”- ഡോ. അതുല്‍ മിത്തല്‍ പറയുന്നു.
ദൈനംദിന ജീവിതത്തില്‍ എല്ലായിടത്തും മ്യൂക്കോര്‍ പൂപ്പല്‍ കാണപ്പെടുന്നുണ്ട്. മണ്ണിലും സസ്യങ്ങളിലും ചീഞ്ഞളിഞ്ഞ പഴങ്ങളിലുമെല്ലാം ഇവയുണ്ട്. എന്നാല്‍ മ്യൂക്കോമൈക്കോസിസ് കേസുകള്‍ വളരെ അപൂര്‍വമാണ്. ചിലപ്പോള്‍ ഇത് പ്രമേഹമുള്ളവരെയോ അല്ലെങ്കില്‍ കാന്‍സര്‍ രോഗികളെപ്പോലെ ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനങ്ങളെയോ ബാധിക്കുന്നു. അതേസമയം മെഡിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഉയര്‍ന്ന അളവില്‍ സ്റ്റിറോയിഡുകള്‍ കഴിച്ച ആയിരക്കണക്കിന് കോവിഡ് രോഗികളില്‍ അണുബാധയ്ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.