മീററ്റ്: കോവിഡ് ബാധിച്ച് മലയാളികളായ ഇരട്ട സഹോദരങ്ങള്‍ മീററ്റില്‍ മരിച്ചു. മലയാളി എന്‍ജിനീയര്‍മാരായ ഇരട്ടസഹോദരങ്ങളായ ജോഫ്രഡ് വര്‍ഗീസ് ഗ്രിഗറിയും റാല്‍ഫ്രഡ് ജോര്‍ജ് ഗ്രിഗറിയുമാണ് മീററ്റില്‍ കോവിഡിനോടു പൊരുതി മരിച്ചത്. 24 വയസ്സായിരുന്നു ഇരുവര്‍ക്കും.
മീററ്റിലെ കന്റോണ്‍മെന്റ് മേഖലയിലാണ് ഇരുവരുടെയും കുടുംബം താമസിച്ചിരുന്നത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് ഗ്രാമല ബ്രഹ്മകുളം വീട്ടില്‍ ഗ്രിഗറി റാഫേല്‍-സോജ ദമ്പതികളുടെ മക്കളാണിവര്‍. മാതാപിതാക്കള്‍ കോളജ് അധ്യാപകരായിരുന്നതില്‍ ഇരുവരും വളര്‍ന്നതും പഠിച്ചതും മീററ്റിലാണ്.
ഒരേ ദിവസം ഒരുമിച്ചാണ് ഇരുവര്‍ക്കും കോവിഡ് പിടിപെട്ടത്. ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് കോവിഡ് ബാധിച്ചത്. ആദ്യം സ്വന്തം വീട്ടില്‍ത്തന്നെ കഴിഞ്ഞ് ചികിത്സ തുടര്‍ന്നെങ്കിലും ഓക്സിജന്‍ അളവ് 90ല്‍ താഴെ ആയപ്പോള്‍ വീട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
എന്നാല്‍ മേയ് 13ന് വൈകിട്ടും 14ന് പുലര്‍ച്ചെയുമായി മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ടുപേരെയും കുടുംബത്തിനു നഷ്ടമായി. ചെറുപ്പം മുതലേ ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മറ്റേയാള്‍ക്കും അതു സംഭവിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് കോവിഡ് ഭേദമായി വീട്ടിലെത്താനായില്ലെങ്കില്‍ മറ്റേയാള്‍ക്കും എത്താനാകില്ലെന്ന് അറിയാമായിരുന്നതായി പിതാവ് ഗ്രിഗറി റെയ്മൊണ്ട് റാഫേല്‍ പറഞ്ഞു.
ജോഫ്രെഡ് മരിച്ചെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ റാല്‍ഫ്രഡ് തന്നെയായി വീട്ടിലേക്കു തിരിച്ചെത്തില്ലെന്ന് താന്‍ ഭാര്യയോടു പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുവരും പോയി – കരഞ്ഞു തളര്‍ന്ന ശബ്ദത്തില്‍ പിതാവ് കൂട്ടിച്ചേര്‍ത്തു.
മേയ് ഒന്നിനാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. ആദ്യ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങള്‍ക്കുശേഷം നടത്തിയ രണ്ടാം ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവായി. കോവിഡ് വാര്‍ഡില്‍നിന്ന് ഇരുവരെയും സാധാരണ ഐസിയുവിലേക്കു മാറ്റാനും ഡോക്ടര്‍മാര്‍ തയാറായിരുന്നു.
എന്നാല്‍ രണ്ടു ദിവസത്തേക്ക് അവരുടെ ആരോഗ്യനില പരിശോധിച്ചശേഷം മാറ്റിയാല്‍ മതിയെന്ന് പിതാവ് ആവശ്യപ്പെടുകയായിരുന്നു. പക്ഷേ, മേയ് 13ന് വൈകിട്ട് ആ ദുരന്ത വാര്‍ത്ത അമ്മയുടെ മൊബൈലിലേക്ക് ആശുപത്രിയില്‍നിന്നുള്ള ഫോണ്‍കോളായി എത്തുകയായിരുന്നു. കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ബിരുദദാരികളായ ഇരുവരും ഹൈദരാബാദിലെ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.