മുംബൈ: ഐഐടി ബോംബെയുടെ ബിരുദദാന ചടങ്ങിന് മുഖ്യാതിഥിയായി
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിക്കുന്നതില്‍ എതിര്‍പ്പുമായി വിദ്യാര്‍ത്ഥികള്‍. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒന്നും ചെയ്യാത്ത മോഡിയെ ബിരുദദാന ചടങ്ങിന് വേണ്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. പ്രധാനമന്ത്രിയെ ക്ഷണിക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസരംഗത്ത് മോഡി സര്‍ക്കാര്‍ നല്കിയ സംഭാവനകള്‍ എന്താണെന്നും വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ചെയ്ത കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതായി എന്തു ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കുന്നതിന് വിമുഖതയാണ് പ്രകടപ്പിക്കുന്നത്. വിദ്യാഭ്യാസം എല്ലാവര്ക്കും ലഭിക്കണമെന്ന് സര്‍ക്കാര്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടോ.
ധനികര്‍ക്കും സവര്‍ണര്‍ക്കും മാത്രം മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന ചിന്താ ശൈലിയാണ് മോഡി സര്‍ക്കാര്‍ പിന്തുടരുന്നത്. അത്തരം മനോഭാവമുള്ള വ്യക്തിയെ ഇത്തരം ഒരു ചടങ്ങിന് മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനത്തെ എതിര്‍ക്കണമെന്നും കുറപ്പില്‍ പറയുന്നുണ്ട്.
സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നല്കുന്ന ഫണ്ടില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇതു കാരണം രാജ്യത്തുള്ള സര്‍വകലാശാലകള്‍ ഫീസ് വര്‍ധിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ ആപത്കരമാണ്. നിരവധി ഫെല്ലോഷിപ്പുകളും സ്കോളര്‍ഷിപ്പുകളും ഈ സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇതും വെറും തുടക്കമാണ്. സര്‍ക്കാരിന്റെ ഈ നയം ഇനിയും ഫീസ് വര്‍ധിക്കുന്നതിന് കാരണമാകും. ഇതു വഴി പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ് വരികയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഉന്നത വിദ്യാഭ്യാസ കമ്മീഷനെ യുജിസിക്ക് പകരമായി കൊണ്ടു വരാനുള്ള നീക്കം അക്കാദമിക സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.