ന്യൂഡല്‍ഹി: മേയ് 1 മുതല്‍ തുടങ്ങുന്ന മൂന്നാംഘട്ട കൊവിഡ് വാക്സിനേഷനില്‍ പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും വാക്സീന് വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി വിവിധ ഫാര്‍മ കമ്പനികളുമായും വിദഗ്ധ ഡോക്ടര്‍മാരുമായും നടത്തിയ യോഗത്തിനുശേഷമാണ് തീരുമാനം.
കമ്പനികള്‍ ഉല്പാദിപ്പിക്കുന്ന വാക്സീന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാരിനു നല്കാന് യോഗം തീരുമാനിച്ചു. വാക്സീന് പൊതുവിപണിയില്‍ വില്‍ക്കുന്നതിനും കമ്പനികള്‍ക്ക് അനുമതി നല്കി. സംസ്ഥാനങ്ങള്‍ക്കു കമ്പനികളില്‍ നിന്നു വാക്സീന് നേരിട്ടു വാങ്ങാം.
കൊവിഡ് മുന്നണി പോരാളികള്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ് നിലവില്‍ രാജ്യത്ത് വാക്സിന് നല്കി കൊണ്ടിരിക്കുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.73 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ഇന്ത്യക്കാര്‍ക്ക് വാക്സിന് ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു.