ന്യൂഡല്‍ഹി: വീടുകളില്‍ സ്ത്രീകള്‍ ചെയ്യുന്ന ഗാര്‍ഹിക ജോലിയും സര്‍വ്വേകളില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. തൊഴില്‍ സ്ഥിതിവിവരക്കണക്ക് പട്ടിക മെച്ചപ്പെടുത്തുന്നതോടൊപ്പം വേതന രഹിത തൊഴിലുകളുടെ മൂല്യം അളക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ജനുവരി മുതല്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്ന സര്‍വ്വേയില്‍ ഗാര്‍ഹിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ എത്ര സമയം ചിലവഴിക്കുന്നുവെന്ന് കണ്ടെത്തുകയാണ് പ്രധാനം. സര്‍വ്വേയുടെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകള്‍ ജൂണ്‍ 2020 ല്‍ പ്രസിദ്ധീകരിക്കാനാണ് പദ്ധതി. പിന്നീട് മൂന്നുവര്‍ഷം കൂടുമ്പോള്‍ സര്‍വ്വേ വീണ്ടും നടത്താനും പദ്ധതിയുണ്ടെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ദേബി പ്രസാദ് മണ്ഡല് വ്യക്തമാക്കി.
പാചകത്തിനും വസ്ത്രം കഴുകാനുമായി വീട്ടമ്മമാര്‍ എത്ര സമയം ചെലവിടുന്നുണ്ടെന്ന് കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഇതിലൂടെ ഫലപ്രദമായി ക്ഷേമ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ അധികവേഗം വളരുന്ന സമ്പത്ത് വ്യവസ്ഥകളില്‍ ഒന്നായിരുന്നിട്ടും ചില വിവരങ്ങളുടെ അഭാവം മൂലം തൊഴില്‍മേഖല,ഗാര്‍ഹികം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളില്‍ എന്ത് സംഭവിക്കുന്നുവെന്ന് മനസിലാക്കാന്‍ കഴിയാതെ വരുന്നു. 700 മില്യണ്‍ ഇന്ത്യക്കാര്‍ അതായത് അമേരിക്കന്‍ ജനസംഖ്യയുടെ രണ്ടിരട്ടിയോളം പേര് തൊഴില്‍മേഖലയുടെ ഭാഗമല്ല, ഇവര്‍ ഗാര്‍ഹിക രംഗത്തടക്കം നല്കുന്ന സംഭാവന ദേശീയ വരുമാനത്തിന്റെ പരിധിയില്‍ വരുന്നുമില്ല. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ഇപ്പോള്‍ 27 ശതമാനമാണ്. സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് ഇനിയും വര്‍ദ്ധിപ്പിക്കാം.
ലോകത്തിലെ മൊത്തം കണക്ക് പരിശോധിച്ചാല്‍ പുരുഷന്മാരേക്കാള് കൂടുതല്‍ ജോലിചെയ്യുന്നത് സ്ത്രീകളാണ്. ഇവരില്‍ 75 ശതമാനവും വേതനരഹിത തൊഴിലും ഗാര്‍ഹിക ജോലിയും ചെയ്യുന്നവരാണ്.