ഹൈദരാബാദ്: ബംഗ്ലാദേശിലേക്ക് കടത്താന്‍ ശ്രമിച്ച ആയിരക്കണക്കിന് നക്ഷത്ര ആമകളെ വിശാഖപട്ടണം റെയില്‍വെ സ്റ്റേഷനില്‍നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി. ഇവയെ കടത്തിയ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
ഡിആര്‍ഐ സോണല്‍ ഓഫീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിശാഖപട്ടണം റീജണല്‍ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് 1,125 നക്ഷത്ര ആമകളെ പിടികൂടാന്‍ കഴിഞ്ഞത്.
യശ്വന്ത്പുര്‍ – ഹൗറ എക്സ്പ്രസില്‍ മൂന്നുപേര്‍ നക്ഷത്ര ആമകളുമായി സഞ്ചരിക്കുന്നുവെന്ന രഹസ്യ വിവരമാണ് അധികൃതര്‍ക്ക് ലഭിച്ചത്. തുണിയില്‍ പൊതിഞ്ഞ് ബാഗുകളില്‍ നിറച്ച നിലയിലായിരുന്നു നക്ഷത്ര ആമകള്‍. ഇവയെ വനംവകുപ്പിന് കൈമാറി.
ആന്ധ്രയിലെ മാടാനപ്പള്ളിയില് നിന്നാണ് ആമകളെ കൊണ്ടുവരുന്നതെന്ന് പിടിയിലായവര്‍ പറഞ്ഞതായി ഡിആര്‍ഐ അധികൃതര്‍ അറിയിച്ചു. കര്‍ണാടകയിലെ ചേലൂര്‍ സ്വദേശിയായ വ്യക്തിയാണ് ആമകളെ ഇവര്‍ക്ക് കൈമാറിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഹൗറ എക്സ്പ്രസില്‍വച്ച് ആമകളെ മറ്റൊരുസംഘത്തിന് കൈമാറണമെന്നും അവര്‍ അവയെ ബംഗ്ലാദേശില്‍ എത്തിക്കുമെന്നുമാണ് പിടിയിലായവരോട് പറഞ്ഞിരുന്നത്.
വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിലുള്‍പ്പെട്ടവയാണ് നക്ഷത്ര ആമകള്‍. രാജ്യാന്തര വിപണിയില്‍ വളരെയധികം വിലമതിപ്പുള്ളവയാണ് ഇവ. വന്യജീവി സംരക്ഷണ സൊസൈറ്റിയുടെ കണക്കുകള്‍ പ്രകാരം 1990 നും 99നുമിടയ്ക്ക് 8000 നക്ഷത്ര ആമകളെ അനധികൃത കടത്തുകാരില്‍നിന്ന് രക്ഷപെടുത്തിയിരുന്നു.
2000നും 2013നുമിടയ്ക്ക് ഇത് 36,000 ആയി ഉയര്‍ന്നു. തമിഴ്നാട് കേന്ദ്രീകരിച്ചാണ് നക്ഷത്ര ആമകളെ കടത്തല്‍ പ്രധാനമായും നടക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.