ചെന്നൈ: ഒട്ടും ആസൂത്രിതമല്ലാതെ നടപ്പിലാക്കിയ നോട്ട് നിരോധനത്തിൽ സംഭവിച്ച അതേ പിഴവ് കോറോണ പ്രതിരോധത്തിന്റെ ഭാഗമായ ലോക് ഡൗണിന്റെ കാര്യത്തിലും സംഭവിക്കുമോ എന്ന് താൻ ഭയപ്പെടുന്നുവെന്ന് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ.
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കയച്ച കത്തിലാണ് കമൽഹാസൻ തന്റെ ആശങ്ക പങ്കുവെച്ചിരിക്കുന്നത്. നോട്ട് നിരോധനത്തിൽ സംഭവിച്ച പിഴവ് അതിനേക്കാൾ വലിയതോതിൽ ആവർത്തിക്കുമോ എന്നതാണ് എന്റെ ഏറ്റവും വലിയ പേടി. നോട്ട് നിരോധനം പാവപ്പെട്ടവരുടെ സമ്പാദ്യവും ജീവനോപാധിയും ഇല്ലാതാക്കിയപ്പോൾ ഒട്ടും ആസൂത്രണമില്ലാത്ത ഈ ലോക് ഡൗൺ ജീവനും ജീവനോപാധിയും ഇല്ലാതാക്കുന്ന മാരകമായ ഒരു അവസ്ഥയിലേക്കാണ് നമ്മളെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
താങ്കളുടെ ലോകം ബാൽക്കണിയിൽ പ്രകാശം പരത്തുമ്പോൾ പാവപ്പെട്ട മനുഷ്യർ അന്നന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുകയാണ് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ഭൂരിഭാഗം വരുന്ന പാവപ്പെട്ട മനുഷ്യരെ പൂർണ്ണമായും അവഗണിച്ചുകൊണ്ട് ബാൽക്കണിയിൽ ഉള്ളവർക്ക് വേണ്ടിമാത്രം പ്രവർത്തിക്കുന്ന ഒരു ബാൽക്കണി സർക്കാർ ആകാൻ താങ്കൾ ആഗ്രഹിക്കുന്നില്ല എന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ലോക് ഡൗണിന്റെ കാര്യത്തിൽ മോഡിയുടെ ദീർഘവീക്ഷണം പിഴച്ചതായും കമൽഹാസൻ പറഞ്ഞു. ഇത്തവണ തന്നെ ദേശവിരുദ്ധൻ എന്നു വിളിക്കാൻ ആരെയാണെങ്കിലും വെല്ലുവിളിക്കുന്നെന്നും ഈ പ്രതിസന്ധിയെ നേരിടുന്നതിൽ പിഴവ് സംഭവിച്ചാൽ ജനങ്ങളെ കുറ്റം പറയാൻ പറ്റില്ലെന്നും സർക്കാറിനാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധരണഗതിയിലുള്ള ജീവിതം നയിക്കാനും സുരക്ഷയ്ക്കും വേണ്ടിയാണ് ജനങ്ങൾ സർക്കാറിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
My open letter to the Honourable Prime Minister @PMOIndia @narendramodi pic.twitter.com/EmCnOybSCK
— Kamal Haasan (@ikamalhaasan) April 6, 2020