ന്യൂഡല്‍ഹി: യുവഗായിക കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവടക്കം ആറുപേര്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ ഗ്രേറ്റര്‍ നോയിഡയിലാണ് നാടന്‍ പാട്ട് കലാകാരി സുഷ്മ നെക്പൂര് കാറിനുള്ളില്‍ വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ സുഷ്മയുടെ ഭര്‍ത്താവ് ഗജേന്ദ്ര ഭാട്ടി, ഡ്രൈവറായ അമിത്, സുഹൃത്തുക്കളായ പ്രമോദ് കസാന, അജബ് സിംഗ്, രണ്ട് വാടകക്കൊലയാളികള്‍ എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബര്‍ ഒന്നിനാണ് സംഭവം അരങ്ങേറിയത്.
സംഭവത്തെ തുടര്‍ന്ന് ഞായറാഴ്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് സുഷ്മയുടെ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഷാര്‍പ്പ് ഷൂട്ടര്‍മാരായ വാടകക്കൊലയാളികളായ മുകേഷും സന്ദീപുമാണ് പിടിയിലായത്. സുഷ്മയുടെ ഭര്‍ത്താവ് ഗജേന്ദ്ര ഭാട്ടിയില്‍ നിന്നാണ് തങ്ങള്‍ക്ക് കൊലപാതകത്തിനുള്ള ക്വട്ടേഷന്‍ ലഭിച്ചതെന്ന് പിടിയിലായ ഇരുവരും പോലീസില്‍ മൊഴി നല്കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗജേന്ദ്രയും ഡ്രൈവറായ അമിത്, സുഹൃത്തുക്കളായ പ്രമോദ് കസാന, അജബ് സിംഗ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തത്. സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കവും സംശയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാട്ടിയുടെ സ്വത്തുക്കള്‍ തന്റെയും കുട്ടിയുടേയും പേരിലേക്ക് മാറ്റണമെന്നതായിരുന്നു സുഷ്മയുടെ ആവശ്യം.
ഇക്കാര്യത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. 2018 ഫെബ്രുവരിയില്‍ ഭാട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൊലപാതകം നടന്ന് ആറ് ദിവസത്തിനുള്ളില്‍ പ്രതികളെ കണ്ടെത്തിയ പൊലീസ് സംഘത്തിന് 25000 രൂപയുടെ പാരിതോഷികം ജില്ലാ പോലീസ് മേധാവി പ്രഖ്യാപിച്ചു.