മുസാഫര്‍നഗര്‍: മുസാഫര്‍നഗറില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യ ചെയ്തു. പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഇത് താങ്ങാനാവാതെയാണ് 24കാരിയായ യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. ബേഡി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.
യുവതിയുടെ ആത്മഹത്യ കുറിപ്പില്‍ പ്രതികളുടെ പേരുകള്‍ ഉള്ളതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് യുവതി പീഡനത്തിന് ഇരയായത്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ പ്രതികള്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ പിടിയിലായവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഇവര്‍ മകളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഇത് സഹിക്കാന്‍ വയ്യാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നും കുടുംബം നല്കിയ പരാതിയില്‍ പറഞ്ഞു.