പനാജി: ഗോവയില്‍ പ്രശസ്ത ചിത്രക്കാരി ഷിറീന് മോഡി (68) കൊല്ലപ്പെട്ടു. പതിറ്റാണ്ടോളം ഗോവയിലെ അര്‍പോറ ഗ്രാമത്തില്‍ ആര്‍ട്ട് സ്റ്റുഡിയോ നടത്തിവരുകയായിരുന്ന പ്രമുഖ ചിത്രക്കാരിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച ഗോവയിലെ വീട്ടില്‍ വെച്ചാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ എന്ന് സംശയിക്കുന്ന വീട്ടിലെ തോട്ടക്കാരനായ അസ്സം സ്വദേശി പ്രഫുല്ല എന്നാള്‍ വീണ് മരിച്ച നിലയിലും കണ്ടെത്തിട്ടുണ്ട്.
ഷിറീനെ കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ ഇയാള്‍ വീണ് പരിക്കേറ്റ് മരിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. വീട്ടിലെ സ്റ്റോറൂമില്‍ വെച്ച് ആയുധം ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രഫുല്ല കൊല്ലപ്പെടുന്നത്.
വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും അന്വേഷണ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിഴലും വെയിലും പ്രമേയമായി നിരവധി ചിത്ര പരമ്പരകളിലൂടെ ശ്രദ്ധേയയായ ഷിറീന് മോഡിയുടെ മകള്‍ സാഫ്റണ്‍ വീഹലും ചിത്രകാരിയാണ്.