മീററ്റ്: മീററ്റില്‍ മാര്‍ക്കറ്റില്‍ യുവതിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച സംഭവത്തില്‍ 21 പേരെ പോലീസ് തിരിച്ചറിഞ്ഞു. ഇതില്‍ 10 പേര് പിടിയില്‍. കണ്ടാലറിയുന്ന പേര്‍ക്കെതിരെ കേസെടുത്തു. ഹപുര്‍ സ്വദേശിനിയായ യുവതിയാണ് മര്‍ദ്ദനത്തിന് ഇരയായത്. കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘത്തിലെ ആളെന്ന് ആരോപിച്ചാണ് 25കാരിയായ യുവതിയെ തിരക്കേറിയ മാര്‍ക്കറ്റിന് വെച്ച് ആക്രമിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തത്.
സമൂഹമാധ്യമങ്ങള്‍ വഴി കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘം എത്തിയിട്ടുണ്ടെന്ന വ്യാജസന്ദേശത്തിന് പിന്നാലെയാണ് യുവതിക്ക് ഈ ദുരനുഭവം. സംഭവ സമയം 200 പേര് പേര് തടിച്ചുകൂടിയിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. യുവതി മീററ്റിലെ വാലി ബസാറില്‍ ഭര്‍തൃ ഗൃഹത്തില്‍ നിന്ന് ശ്യാം നഗര്‍ കോളനിയിലേക്ക് പോകുമ്പോഴായിരുന്നു ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്.
യുവതിയുടെ വസ്ത്രധാരണ രീതിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ആകരമത്തിനിരയാക്കിയതെന്ന് പ്രതി പോലീസില്‍ മൊഴി നല്കി. യുവതിയെ പിന്തുടര്‍ന്ന സംഘം ജനങ്ങള്‍ നോക്കിനില്‍ക്കെ ഇവരുടെ ബുര്‍ഖ വലിച്ചുകീറിയ ശേഷം ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.
കൊലപ്പെടുത്താനായിരുന്നു പ്രതികള്‍ ഉദ്ദേശിച്ചതെന്ന് യുവതി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. പ്രതികളെ യുവതി തിരിച്ചറിഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് ഐപിസി 307, 354, 323 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.