പട്ന: ബിഹറില്‍ യുവതിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന് കുടുംബത്തിലെ 16 പേര്‍ക്ക് നേരെ ആസിഡ് ആക്രമണം. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചതായി പ്രമുഖ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
നന്ദ കിഷോര്‍ ഭഗത് എന്ന വ്യക്തിയുടെ കുംടബത്തില്‍പ്പെട്ട യുവതിയെ ഒരു സംഘം ആളുകള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ചയോടെ യുവതിയുടെ വീട്ടുകാരും യുവാക്കളും തമ്മില്‍ വാക്കേറ്റവും ഒടുവില്‍ സംഘര്‍ഷവും ഉണ്ടായി.
അതേസമയം ഇത് പിന്നീട് പരിഹരിക്കപ്പെട്ടു. എന്നാല്‍ ബുധനാഴ്ച രാത്രിയോടെ ദൗദ്പുര്‍ ഗ്രാമത്തിലുള്ള യുവതിയുടെ വീട്ടില്‍ 20ഓളം പേര് അതിക്രമിച്ചു കയറുകയും കുടുംബത്തിലെ 16 പേര്‍ക്ക് നേരെ ആസിഡൊഴിക്കുകയും ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ചുപേരെ വൈശാലി പോലീസ് അറസ്റ്റ് ചെയ്തു.