പൂനെ: മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ പെരളശ്ശേരി സ്വദേശി വൈശാഖ് നമ്പ്യരുടെ (40) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വൈശാഖും മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തും നിതീഷ് ഷേലാരും സഞ്ചരിച്ച കാര്‍ കൊയിന ഡാമിലേക്കുള്ള വഴിയിലെ കൊക്കയിലേക്ക് മറിഞ്ഞത്. 200 അടിയോളം താഴ്ചയിലേക്കാണ് ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞത്.
അപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് നിതീഷായിരുന്നു. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം ഞായറാഴ്ചായാണ് കാര്‍ അപകടത്തില്‍ പെട്ട വിവരം പ്രദേശവാസികള്‍ അറിയുന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ നിതീഷിന്റെ മൃതദേഹം കാറില്‍ നിന്ന് ലഭിച്ചു. അതേസമയം പോലീസും സമീപവാസികളും തിരച്ചില്‍ നടത്തിയെങ്കിലും വൈശാഖിനെ കണ്ടെത്തനായിരുന്നില്ല. അതേസമയം ശക്തമായ മഴയും തിരച്ചിലിന് തടസമായി.
കുടുംബസമേതം ന്യൂസിലാന്‍ഡിലാണ് വൈശാഖ്. ഔദ്യോഗിക ആവശ്യത്തിനായി അടുത്തിടെയാണ് പുനെയിലെത്തിയത്. വിവരമറിഞ്ഞ് തിങ്കളാഴ്ച പുണെയില്‍നിന്ന് ബന്ധുക്കളും വഡ്ഗാവ്ശേരി മലയാളിസമാജത്തിന്റെ പ്രവര്‍ത്തകരും കൊയ്നയില്‍ എത്തിയിരുന്നു. ആര്‍ഡിഒ പോലീസ്, വനംവകുപ്പ്, മുങ്ങല്‍ വിദഗ്ധര്‍, പ്രദേശവാസികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. ഭാര്യ: കോമള്‍, മക്കള്‍: അവന്തിക, അനിക, അമ്മ: പ്രസന്ന നമ്പാര്.