ന്യൂഡല്‍ഹി: ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ആണെന്ന് അറിഞ്ഞതിന്റെ പേരില്‍ ഭക്ഷണം റദ്ദ് ചെയ്ത വ്യക്തിക്ക് ചുട്ടമറുപടിയുമായി സൊമാറ്റോ സ്ഥാപകന്‍ ദീപിന്ദര്‍ ഗോയല്‍. അഹിന്ദുവാണ് ഭക്ഷണം കൊണ്ടുവന്നതെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഓഡര്‍ ചെയ്ത ഭക്ഷണം റദ്ദ് ചെയ്യണമെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്നായിരുന്നു സൊമാറ്റോ യുടെ മറുപടി.
എന്നാല്‍ നിങ്ങള്‍ക്കെന്നെ ആ ഓഡര്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കാനാകില്ലെന്നും തനിക്ക് പണം തിരികെ വേണ്ട ഓഡര്‍ റദ്ദ് ചെയ്താല്‍ മതിയെന്നുമായിരുന്നു ഉപയോക്താവ് നല്കിയ മറുപടി. അമിത് ശുക്ല എന്നാണ് ഇത് സംബന്ധിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമെന്നത് മതമാണെന്നുമായിരുന്നു ഈ പോസ്റ്റിന് സൊമാറ്റോ നല്കിയ മറുപടി.
ശുക്ലയുടെ ട്വീറ്റ് വൈറലായതോടെ പോസ്റ്റിന് നിരവധി ആളുകളാണ് പോരടിക്കാന്‍ തുടങ്ങിയത്. തുടര്ന്ന്സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ നിലപാട് വ്യക്തമാക്കി. ഇന്ത്യയുടെ സംസ്കാരത്തില്‍ അഭിമാനമുണ്ട്. വ്യത്യസ്ത വിഭാഗക്കാരായ ഉപയോക്താക്കളെക്കുറിച്ച് ബഹുമാനമുണ്ട്. എന്നാല്‍ മൂല്യങ്ങളെ ഖണ്ഡിച്ച് വരുന്ന ഓര്‍ഡറുകള്‍ നഷ്ടമാകുന്നതില്‍ വിഷമമില്ലെന്നാണ് ദീപിന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തത്. ഗോയലിന്റെ ട്വിറ്റര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.