ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ മുംബൈയില്‍ സ്വന്തമാക്കിയ പുതിയ വീടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. പ്രിയതമ അഞ്ജലിയ്ക്കായാണ് മുംബൈ നഗരത്തില്‍ ഏഴു കോടിയുടെ വീട് സ്വന്തമാക്കിയിരിക്കുന്നത്.
ഏഴു കോടി 15 ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ ഭാര്യ അഞ്ജലിയുടെ പേരിലാണ് റാസ്തോംജി സീസണിലെ പുതിയ അപാര്‍ട്മെന്റ് സച്ചിന് സ്വന്തമാക്കിയിരിക്കുന്നത്. ബാന്ദ്രയിലെ തന്റെ പഴയ വീടിനടുത്തായുള്ള ബാന്ദ്ര – കുര്‍ള കോംപ്ലക്സിലാണ് സച്ചിന്റെ പുതിയ ഭവനം. രണ്ടു കാര്‍ പാര്‍ക്കിംഗ് ഏരിയയും 4,459.38 ചതുരശ്ര അടി കാര്‍പ്പറ്റ് ഏരിയയും ഈ അപ്പാര്‍ട്മെന്റിന് ഉണ്ട്.
ഇന്ത്യന്‍ – വെസ്റ്റേണ്‍ ഇന്റീരിയര്‍ ഡിസൈനുകള്‍ സമന്വയിപ്പിച്ച ലൈഫ്സ്റ്റൈല്‍ ഗാലറിയാണ് ഈ അപാര്ട്മെന്റിന്റെ മറ്റൊരു പ്രത്യേകത. ആരും കണ്ടാല്‍ കണ്ണെടുക്കാന്‍ ഒന്ന് വിമുഖത കാണിക്കുന്ന രീതിയിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. സിംഗപ്പൂര്‍ സ്വദേശിയായ ഡേവിഡ് ടെയ് എന്ന ഇന്റീരിയര്‍ ഡിസൈനര്‍ ആണ് സച്ചിന് വേണ്ടി അപാര്ട്മെന്റിന്റെ ഡിസൈനുകള്‍ ഒരുക്കിയത്.
വിശാലമായ അകത്തളങ്ങള്‍ തന്നെയാണ് ഈ അപ്പാര്‍മെന്റിന്റെ പ്രത്യേകത. ഐവറി, ഗ്രീന്‍, ബ്ളാക്ക് നിറങ്ങളില്‍ ഉള്ള ടൈലുകള്‍ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ടെറസ്സില്‍ മുംബൈ നഗരത്തിന്റെ ഓരോ സ്പന്ദനങ്ങളും അടുത്തറിയാന്‍ കഴിയുന്ന രീതിയില്‍ സജ്ജീകരിച്ച ഓപ്പണ്‍ ബാല്‍ക്കണിയും ഉണ്ട്. ഒപ്പം മുറികളെ തമ്മില്‍ തിരിക്കുന്ന ചില്ലുകൊണ്ടുള്ള പാര്‍ടീഷനുകളും ഈ ഭവനത്തെ വ്യത്യസ്തമാക്കുന്നു.
ഇന്റീരിയര്‍ പ്ലാന്റുകളും ക്ളാസിക്ക് സ്റ്റൈലില്‍ ഉള്ള ഫര്‍ണിച്ചറുകളും വീടിനു മോടി കൂട്ടുന്നു. ഐവറി ഷേഡില്‍ ആണ് ഫര്‍ണിച്ചറുകള്‍ ഉള്ളത്. ദീര്‍ഘ ചതുരാകൃതിയില്‍ ഉള്ള ഗ്ലാസ് ടോപ് ഡൈനിംഗ് ടേബിള്‍ ആണ് ഉള്ളത്. കണ്ടാല്‍ ആര്‍ക്കും കൊതി തോന്നി പോകുന്ന മനോഹരമായൊരു വീട്, അതാണ് സച്ചിന് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.
സച്ചിന്റെ മുംബൈ ബാന്ദ്രയിലെ വീടും പലവട്ടം വാര്‍ത്തകളില്‍ വന്ന ഒന്നാണ്. 2007 ല്‍ 39 കോടി രൂപയായിരുന്നു ആ വീടിന്റെ വില. ഇന്റീരിയറും എക്സ്റ്റീരിയറും ഒരേപോലെ ചര്‍ച്ച ചെയ്യപ്പെട്ട ആ വീടിനു ശേഷം സച്ചിന് ടെണ്ടുല്‍ക്കറുടെ വീട് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.