ന്യൂഡല്‍ഹി: ശശി തരൂരിന് വിദേശയാത്രയ്ക്ക് ഉപാധികളോടെ അനുമതി. സുനന്ദ പുഷ്കര്‍ കേസില്‍ കുറ്റാരോപിതനായ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് ഡല്‍ഹി പട്യാല കോടതിയാണ് അനുമതി നല്‍കിയത്.
നേരത്തെ അനുവാദമില്ലാതെ വിദേശ യാത്ര നടത്താന്‍ പാടില്ല എന്ന് കോടതി പറഞ്ഞിരുന്നു. യാത്രയ്ക്ക് മുന്നോടിയായി ഫ്ളൈറ്റ് ഡാറ്റാ റെക്കോര്‍ഡും രണ്ട് ലക്ഷം രൂപയും കോടതിയില്‍ ഹാജരാക്കണമെന്നും, ഇവ തരൂര്‍ തിരിച്ചു വന്നതിനു ശേഷം തിരികെ നല്‍കുമെന്നും കോടതി അറിയിച്ചു.
സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡല്‍ഹി പോലീസ് കഴിഞ്ഞ 14നു കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സുനന്ദയുടെ ഇമെയിലുകളും സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങളും ‘ആത്മഹത്യാക്കുറിപ്പായി’ കണക്കാക്കണമെന്നു പോലീസ് കോടതിയെ അറിയിച്ചു.
മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജീവിതത്തിലെ നിരാശ വ്യക്തമാക്കി സുനന്ദ തരൂരിന് ഇമെയില്‍ അയച്ചിരുന്നതായി പോലീസ് പറയുന്നു. ‘ജീവിക്കാന്‍ ആഗ്രഹമില്ല. എന്റെ എല്ലാ പ്രാര്‍ത്ഥനയും മരണത്തിനു വേണ്ടിയാണ്’ ജനുവരി എട്ടിനു തരൂരിനു സുനന്ദ അയച്ച ഇമെയിലില്‍ പറയുന്നു. ഒന്‍പതു ദിവസത്തിനു ശേഷം ജനുവരി 17നായിരുന്നു സുനന്ദയുടെ മരണം.