ന്യൂഡല്‍ഹി: സാധാരണ വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകുമ്പോള്‍ ക്ഷുഭിതരാവുന്ന യാത്രക്കാരെ സ്ഥിരമായി നാം കാണാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയുടെ വിമാനം പുറപ്പെടാന്‍ വൈകിയപ്പോള്‍ ക്ഷമയോടെ കാത്തിരിക്കുകയും വിമാന ജീവനക്കാരെ അഭിനന്ദിക്കുകയുമാണ് യാത്രക്കാര്‍ ചെയ്തത്.
ഇതിനുള്ള കാരണം മറ്റൊന്നുമല്ല എവിടെയോ മറന്നുവെച്ച വയോധികയായ ഒരു യാത്രക്കാരിയുടെ ബാഗ് കണ്ടെത്തിക്കൊടുക്കുകയായിരുന്നു വിമാനജീവനക്കാര്‍. വയോധികയായ യാത്രക്കാരി തന്റെ പാസ്പോര്‍ട്ട് സൂക്ഷിച്ചിരുന്ന ബാഗ് സുരക്ഷാ പരിശോധനയ്ക്കടെ മറന്നുവെച്ചിരുന്നു. വിമാനം പറന്നുയരാന്‍ സജ്ജമായപ്പോഴാണ് യാത്രക്കാരി ഇക്കാര്യം ഓര്‍ത്തത്.
തുടര്‍ന്ന് തെരച്ചില്‍ ആരംഭിച്ച വയോധികയ്ക്കൊപ്പം വിമാനജീവനക്കാരും ചേരുകയായിരുന്നു. ഏതാനും സമയത്തിന് ശേഷം ജീവനക്കാര്‍ ബാഗ് കണ്ടെത്തി യാത്രക്കാരിക്കു നല്‍കുകയും ചെയ്തു. ഇക്കാരണം കൊണ്ടാണ് വിമാനം പുറപ്പെടാന്‍ വൈകിയത്. വിമാനജീവനക്കാരുടെ നല്ല മനസ്സിനെ യാത്രക്കാര്‍ അഭിനന്ദിക്കുകയും ചെയ്തു.
മാര്‍ച്ച് 31ന് പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. വയോധികയെ സഹായിച്ച വിമാനജീവനക്കാരെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നിരവധി പേരാണ് രംഗത്തെത്തിയത്. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വീര്‍ സാഘ്വിയും വിമാനത്തില്‍ സംഭവ സമയത്തുണ്ടായിരുന്നു. അദ്ദേഹവും വിമാനജീവനക്കാരെ അഭിനന്ദിച്ച് ട്വീറ്ററില്‍ പോസ്റ്റിട്ടിട്ടുണ്ട്.