വാഷിംങ്ടണ്‍: ഭീകരാക്രമണങ്ങളെ പ്രത്സാഹിപ്പിക്കുന്ന പാകിസ്താന് നടപടികളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് അമേരിക്ക. ഇന്ത്യയില്‍ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് അമേരിക്ക പാകിസ്താന് മുന്നറിയിപ്പ് നല്കി.
ഭീകരവാദത്തിനെതിരേ പാക്കിസ്താന് ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ തോയ്ബ തുടങ്ങിയ ഭീകര സംഘടനകളെ പാക്കിസ്താനില്‍ നിന്ന് തുടച്ചുനീക്കിയാലേ മേഖലയിലെ സംഘര്‍ഷ സാധ്യതകള്‍ ഇല്ലാതാകുകയുള്ളുവെന്നും വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
ബാലാകോട്ടിലെ മിന്നലാക്രമണത്തിനുശേഷം പാക്കിസ്താന് ഭീകരതയ്ക്കെതിരേ പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഭീകരതയെ വേരോടെ പിഴുതെറിയാന്‍ ശക്തമായ അധികാരം പ്രയോഗിക്കണമെന്നും യുഎസ് അറിയിച്ചു.