ബെംഗളൂരു: ഇന്ത്യയില്‍ യുദ്ധവിമാനം നിര്‍മ്മിക്കാനൊരുങ്ങി അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്ട്ടിന്. എഫ്21 മള്‍ട്ടി റോള്‍ യുദ്ധവിമാനമാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുക. വിമാന നിര്‍മ്മാണ ശാല ലോക്ഹീഡ് മാര്ട്ടിന് സ്ഥാപിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലാണ്. നിക്ഷേപവുമായി ലോക്ഡീഡ് മാര്ട്ടിന് എത്തുന്നത് ശതകോടികളുടെ യുദ്ധവിമാന കരാര്‍ ഇന്ത്യയില്‍ നിന്ന് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്.
ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് ബംഗളൂരവില്‍ നടക്കുന്ന എയ്റോ ഇന്ത്യ എയര്‍ ഷോയില്‍വെച്ചാണ്. എഫ്21 യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് ടാറ്റയുടെ പ്രതിരോധ കമ്പനിയായ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റവുമായി ചേര്‍ന്നാണ്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടി എഫ്21 വിമാനങ്ങളാകും ഇത്തരത്തില്‍ നിര്‍മ്മിക്കുക.
ലോക്ഹീഡ് മാര്ട്ടിന് നേരത്തെ എഫ്16 യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ പാകിസ്താനടക്കമുള്ള രാജ്യങ്ങളുടെ പക്കല്‍ ഈ വിമാനമുള്ളതിനാല്‍ ഇതിനോട് ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെയാണ് അത്യാധുനിക എഫ്21 ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ലോക്ഹീഡ് മാര്ട്ടിന് തയ്യാറായത്.
ലോകഹീഡ് മാര്ട്ടിന് വൈസ് പ്രസിഡന്റ് ഡോ. വിവേക് ലാല്‍ എഫ് 21 പുറത്തും അകത്തും വ്യത്യസതമാണെന്നും ഇന്ത്യ യുഎസ് സഹകരണം മെച്ചപ്പെടുത്താന്‍ ഈ നീക്കം സഹായിക്കുമെന്നും വ്യക്തമാക്കി.