മുംബൈ: സീരിയലില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അവിനാശ് കുമാര്‍ ശര്‍മ(24) വിനോദ് ബാന്ദ്രി(30) എന്നിവരെയാണ് മുംബൈ ക്രൈംബ്രാഞ്ച് പോലീസ് പിടികൂടിയത്. ഒരു കോടിയോളം രൂപയാണ് ഇരുവരും ചേര്‍ന്ന് തട്ടിയത്.
പോലീസ് പിടിയിലായ അവിനാശ് സോഫ്റ്റവെയര്‍ എഞ്ചിനീയറാണ്. പുതുമുഖങ്ങളെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരെയും ലക്ഷ്യമാക്കിയായിരുന്നു ഇരുവരുടെയും തട്ടിപ്പ്. കൃഷ്ണ ബാഹു പോലെയുള്ള സീരിയലില്‍ അവസരം നല്‍കാമെന്നു പറഞ്ഞയിരുന്നു തട്ടിപ്പ്. തട്ടിപ്പിന് ഇരയായവരെ സംസാരിച്ച് വശത്താക്കിയ ശേഷം പ്രൊഡ്യൂസറെ കാണിക്കാനാണെന്ന് പറഞ്ഞു ഫോട്ടോയും പ്രൊഫൈല്‍ വീഡിയോയും വാങ്ങി.
പിന്നീട് പ്രൊഡ്യൂസര്‍ അനുകൂലമായി പ്രതികരിച്ചെന്നും നടപടി ക്രമങ്ങള്‍ക്കായി തുക വേണമെന്നും ആവശ്യപ്പെടും. ശേഷം പേടിഎം, ഓണ്‍ലൈന്‍ ബാങ്കിങ് എന്നിവ മുഖേന പണം കൈമാറാനായി ഈ മെയില്‍ സന്ദേശം അയക്കും. ഇത് വിശ്വസിച്ച് പണം കൈമാറിയവരാണ് കബളിപ്പിക്കപ്പെട്ടത്.
തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയ രണ്ടുപേര്‍ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഏകദേശം 75 പേരെ ഇരുവരും ചേര്‍ന്ന് കബളിപ്പിച്ചതായി പോലീസ് അധികൃതര്‍ വ്യക്തമാക്കി.