ന്യൂഡല്‍ഹി: പിറവം പള്ളി കേസില്‍ ഓര്‍ത്തഡോക്സ് സഭ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പിറവം പള്ളി തങ്ങള്‍ക്ക് അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരേയാണ് ഓര്‍ത്തഡോക്സ് സഭ ഹര്‍ജി നല്‍കിയത്. മതപരമായ ഇത്തരം വിഷയങ്ങള്‍ തങ്ങളെ അലോസരപ്പെടുത്തുന്നില്ലെന്നും ഇത്തരം വിഷയങ്ങളില്‍ കോടതി അലക്ഷ്യം എടുക്കുന്നത് ഗുണകരമല്ലെന്നും കോടതി വ്യക്തമാക്കി.
അമ്പലങ്ങളിലേയ്ക്കും പള്ളികളിലേയ്ക്കും ഒരു പാട് പണം വരുന്നതുകൊണ്ടാണ് കായികബലം ഉപയോഗിച്ചു ഉള്ള തര്‍ക്കങ്ങള്‍ വരുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹര്‍ജികള്‍ മൂുന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കാനും നിര്‍ദേശിച്ചു.
ഏപ്രില്‍ 19 ന് ആണ് യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള പിറവം പള്ളിയില്‍ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണം എന്ന് സുപ്രീം കോടതി വിധിച്ചത്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മേയ് എട്ടിന് പള്ളിയില്‍ പ്രവേശിച്ച് കുര്‍ബാന അര്‍പ്പിക്കാന്‍ ഓര്‍ത്തഡോക്സ് സഭ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ ചര്‍ച്ചയ്ക്കു വിളിച്ചു. നിയമോപദേശം തേടി നാല് ദിവസത്തിനകം വിധി നടപ്പിലാക്കിത്തരാമെന്ന് കളക്ടര്‍ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് ഓര്‍ത്തഡോക്സ് സഭ ഹര്‍ജി നല്‍കിയത്.