ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ വില നിയന്ത്രിച്ച് ആഗോള വളര്‍ച്ചയെ സഹായിക്കണമെന്ന് സൗദി അറേബ്യയോടും എണ്ണ ഉല്പാദക രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
വില വര്‍ധിക്കുന്നതു വികസ്വര രാജ്യങ്ങള്‍ക്കു ഭീഷണിയുയര്‍ത്തുന്നുവെന്ന് ആഗോള പെട്രോളിയം, പ്രകൃതിവാതക കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. ഇറാനെതിരെ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സൗദി പെട്രോളിയം മന്ത്രി ഖാലിദ് അല്‍ഫാലിഹും പങ്കെടുത്തു.
നിക്ഷേപ നിബന്ധനകള്‍ ഉദാരമാക്കിയ സാഹചര്യത്തില്‍ രാജ്യത്തെ എണ്ണ പര്യവേക്ഷണത്തില്‍ കൂടുതല്‍ താല്പര്യം പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി വ്യവസായികളോട് ആവശ്യപ്പെട്ടു. രാജ്യത്തു പര്യവേക്ഷണ രംഗത്തു സ്വകാര്യനിക്ഷേപം പരമാവധി വര്‍ധിപ്പിക്കുക, വില നിയന്ത്രിക്കുന്നതിന് ഉല്പാദകരും ഉപയോക്താക്കളുമായി കരാറിലേര്‍പ്പെടുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
മോഡി അധികാരത്തിലെത്തിയ ശേഷം പെട്രോളിയം കമ്പനി മേധാവികളുമായി നടത്തുന്ന മൂന്നാമത്തെ യോഗമാണിത്. പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍ പരമാവധി ചൂഷണം ചെയ്തു പെട്രോളിയം ഉല്പന്നങ്ങളില് ആശ്രിതത്വം കുറയ്ക്കാനുള്ള ദീര്‍ഘകാല പദ്ധതിയും ഇന്ത്യ ആസൂത്രണം ചെയ്തിട്ടുണ്ട്.