അലിഗഡ്:അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം പിന്‍വലിച്ചില്ലെങ്കില്‍ വീടുകളിലേക്ക് മടങ്ങുമെന്ന് ഭീഷണി മുഴക്കി കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍. സര്‍വ്വകലാശാലയില്‍ പഠിക്കുന്ന 1,200 ലേറെ വരുന്ന കാശ്മീരി വിദ്യാര്‍ത്ഥികളാണ് ബുധനാഴ്ച വീടുകളിലേക്ക് പോകുമെന്ന് വ്യക്തമാക്കിയത്.
ഇതുസംബന്ധിച്ച് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് മുന്‍ വൈസ് പ്രസിഡന്റ് സാജാദ് രത്താര്‍ വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്കി. ഇത്തരം അപകീര്‍ത്തിപ്പെടുത്തല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ 1,200 ലേറെ കാശ്മീരി വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 17ന് വീടുകളിലേക്ക് പോകുമെന്ന് കത്തില്‍ പറയുന്നു.
കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് മനാന് ബഷീര്‍ വാനിയുടെ മരണത്തില്‍ പ്രാര്‍ഥനാ യോഗം വിളിച്ചു ചേര്‍ത്ത കേസില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്. എന്നാല്‍ ഇത് കുടിപ്പകയാണെന്നും പ്രാര്‍ഥനാ യോഗം വിളിച്ചു ചേര്‍ക്കുന്നതിന് സര്‍വ്വകലാശാല അധികൃതരോട് അനുവാദം ചോദിച്ചിരുന്നെങ്കിലും നല്‍കിയിരുന്നില്ലെന്നും അതിനാല്‍ യോഗം നടത്താനുള്ള തീരുമാനം റദ്ദാക്കിയതായും രത്താര്‍ പറയുന്നു.
കോളേജിലെ കെന്നഡി ഹാളില്‍ പ്രാര്‍ഥന യോഗം വിളിച്ചു ചേര്‍ക്കുകയും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തതായാണ് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരേയുള്ള കുറ്റങ്ങള്‍. എന്നാല്‍ പ്രാര്‍ഥന യോഗം ചേര്‍ന്നിട്ടില്ലെന്ന് ഔദ്യോഗിക ഏജന്‍സികള്‍ സ്ഥിരീകരിക്കുകയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് കുടിപ്പകയാണെന്നും പീഡനമാണെന്നും നീതി നിഷിധമാണെന്നും രത്താര്‍ പറഞ്ഞു. കാശ്മീരി വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച്ച രാത്രിയാണ് സര്‍വ്വകലാശാലാ ഭരണാധികാരി മൊഹ്സിന്‍ ഖാന് കത്ത് കൈമാറിയത്.
എന്നാല്‍ കാശ്മീരി വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന വാദം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍വകാലശാല വക്താവ് പ്രൊഫസര്‍ ഷഫീ കിദ്വായി രംഗത്തെത്തി. ഒരു നിരപരാധിയെയും കുറ്റവാളിയായി ചിത്രീകരിക്കുന്നില്ല. എന്നാല്‍ ഒരു തരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനവും കോളേജില്‍ അനുവദിക്കില്ലെന്നും കിദ്വായി വ്യക്തമാക്കി.
ഒക്ടോബര്‍ 12നാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് മനാന് ബഷീര്‍ വാനിയുടെ മരണത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രാര്‍ഥന യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ കോളേഡില്നിന്ന് സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്.
കശ്മീര്‍ സ്വദേശികളായ വസീം അയ്യൂബ് മാലിക്ക്, അബ്ദുല്‍ ഹസീബ് മിര്‍ പിന്നെ പേര് വെളിപ്പെടുതാത്ത മറ്റൊരു വിദ്യാര്‍ത്ഥിക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. കോളേജില്‍നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അലിഗഡ് സിവില്‍ ലൈന്‍ എസ്എച്ച്ഒ വിനോദ് കുമാര്‍ വ്യക്തമാക്കി. ഇവരെ കൂടാതെ സംഭവത്തില്‍ 9 വിദ്യാര്‍ത്ഥികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ഈ വര്‍ഷം ജനുവരിയിലാണ് സര്‍വകലാശാലയിലെ പിഎച്ച്ഡി പഠനം ഉപേക്ഷിച്ച് മനാന് ബഷീര്‍ വാനി (27) ഭീകരപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന വാനിയുടെ സ്കൂള്‍ വിദ്യാഭ്യാസം നവോദയ സ്കൂളിലും സൈനിക് സ്കൂളിലുമായിരുന്നു. കുപ്വാര ജില്ലയിലെ ലോലാബ് മേഖലയിലെ ടെക്കിപോറ സ്വദേശിയാണ് വാനി.