ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സ്കൂളൂകളില്‍ വിദ്യാര്‍ത്ഥികളെ മതത്തിന്റെ പേരില്‍ വേര്തിരിച്ചിരുിത്തുന്നതായി റിപ്പോര്‍ട്ട്. ഹിന്ദു മുസ്ലിം കുട്ടികളെ വേറെ വേറെ ക്ലാസുകളില്‍ ഇരുത്തുന്നതായാണ് റിപ്പോര്‍ട്ട്. സ്കൂളിലെ ഒരു കൂട്ടം അധ്യാപകരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വസീറാബാദില്‍ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള പ്രൈമറി സ്കൂളിലാണ് നടപടി. നോര്‍ത്ത് എംസിഡി ബോയ്സ് സ്കൂളിലെ ഹാജര്‍ പട്ടികയില്‍ വിവേചനം വ്യക്തമാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.
ക്ലാസ് ഒന്ന് എ 36 ഹിന്ദുക്കള്‍, ഒന്ന് ബി 36 മുസ്ലിങ്ങള്‍, രണ്ട് എ 47 ഹിന്ദുക്കള്‍, രണ്ട് ബി 26 മുസ്ലിങ്ങള്‍, 15 ഹിന്ദുക്കള്‍, രണ്ട് സി 40 മുസ്ലിങ്ങള്‍ എന്നിങ്ങനെ അഞ്ചാം ക്ലാസുവരെ വിദ്യാര്‍ത്ഥികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ഡിവിഷനുകളില്‍ വേര്‍ത്തിരിച്ച് ഇരുത്തിയിരിക്കുകയാണ്.
അഞ്ചാം ക്ലാസ് വരെയുള്ള പ്രൈമറി സ്കൂളുകള്‍ മുനിസിപ്പല്‍ കോര്‍പറേഷനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ക്ലാസിനും 30 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരിക്കണമെന്നുമാണ് നിയമം.
ജൂലൈയില്‍ പ്രധാനാധ്യാപകന് സ്ഥലം മാറി പോയതിനു പകരമായി സിബി സിങ് ഷരാവത്ത് സ്കൂളിന്റെ താല്‍ക്കാലിക ചുമതലയേറ്റെടുത്ത ശേഷമാണ് മതത്തിന്റെ പേരിലുള്ള വിവേചനം ആരംഭിച്ചതെന്ന് അധ്യാപകര്‍ ആരോപിക്കുന്നു. ജുലൈ രണ്ടിനാണ് ഷെരാവത്ത് താല്‍ക്കാലികമായി പ്രധാനാധ്യാപകനായി ചുമതലയേറ്റത്.
ഏതാനും അധ്യാപകര്‍ ഈ നടപടി ചോദ്യം ചെയ്തപ്പോള്‍ ഇതില്‍ ഇടപെടേണ്ടതില്ലെന്നും ഏല്‍പ്പിച്ച ജോലി ചെയ്താല്‍ മതിയെന്നും താക്കീത് സ്വരത്തില്‍ ഷെരാവത്ത് പറഞ്ഞതായും പേരുവെളിപ്പെടുത്താത്ത അധ്യാപകര്‍ പറയുന്നു. ഏപ്രിലിലാണ് അക്കാദമിക് വര്‍ഷം തുടങ്ങിയത്. തുടക്കത്തില്‍ ഈ വിവേചനം ഉണ്ടായിരുന്നില്ല.
എന്നാല്‍ ഇത് എല്ലാ സ്കൂളുകളിലും നടക്കുന്ന സാധാരണ നടപടി മാത്രമാണെന്നാണ് ഷെരാവത്തിന്റെ പ്രതികരണം. മതത്തിന്റെ പേരിലുള്ള വിവേചനമില്ല. സമാധാനവും അച്ചടക്കവും മികച്ച പഠന അന്തരീക്ഷവും ഒരുക്കുന്നതിനു വേണ്ടി മാനേജ്മെന്റ് എടുത്ത തീരുമാനമാണിതെന്നാണ് ഷെരാവത്ത് നല്കുന്ന വിശദീകരണം.