ചെന്നൈ: തമിഴ്നാട്ടിലെ നക്കീരന്‍ മാസികയുടെ എഡിറ്റര്‍ നക്കീരന്‍ ഗോപാലന് ജാമ്യം. ചെന്നൈ എഗ്മോര്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനമെഴുതി എന്ന കേസിലാണ് ഗോപാലിനെ അറസ്റ്റുചെയ്തിരുന്നത്.
ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് ബുധനാഴ്ച രാവിലെ പൂണെയിലേക്ക് പോകും വഴി ചെന്നൈ എയര്‍പ്പോര്‍ട്ടില്‍ വച്ചാണ് നക്കീരനെ പിടികൂടിയത്. സര്‍വകലാശാലാ അധികൃതര്‍ക്ക് ‘വഴങ്ങിക്കൊടുക്കാന്‍’ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ കഴിഞ്ഞമാസം കോളേജ് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രുദുനഗര്‍ അറുപ്പുക്കോട്ടയിലെ ദേവാംഗ ആര്‍ട്സ് കോളേജിലെ ഗണിതവകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മല ദേവിയാണ് അറസ്റ്റിലായത്.
നിര്‍മലാദേവി അനാശാസ്യ പ്രവര്‍ത്തനങ്ങളിലേക്ക് വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നതുമായി ബന്ധപ്പെടുത്തി ഗവര്‍ണര്‍ക്കും ഓഫീസിനുമെതിരെ ലേഖനമെഴുതിയെന്നാണ് ഗോപാലിനെതിരായ ആരോപണം. വഴങ്ങികൊടുക്കുകയാണെങ്കില്‍ അക്കാദമിക് തലത്തില്‍ ഉയരങ്ങളിലെത്താനും ധാരാളം പണമുണ്ടാക്കാനും കഴിയുമെന്നുമായിരുന്നു അധ്യാപികയുടെ ഉപദേശം. ഈ സംഭവത്തില്‍ ഉന്നത തലത്തില്‍ വരെ ഇടപെടലുണ്ടെന്നായിരുന്നു ലേഖനം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ എഴുതിയതിന് നക്കീരന്റെ ഓഫീസില്‍ റെയ്ഡ് നടന്നത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
കുപ്രസിദ്ധ ചന്ദന കടത്തുകാരനായ വീരപ്പന്റെ കഥകള്‍ പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകനായിരുന്നു ഗോപാലന്. വീരപ്പന്റെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ജീവചരിത്ര സ്വഭാവമുള്ള സിനിമ വിവാദത്തിലായിരുന്ന സമയത്ത് ഇതിനെതിരെ ആഞ്ഞടിച്ച് നക്കീരന്‍ രംഗത്തെത്തിയിരുന്നു.