നാഗ്പുര്‍: ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസ് മിസൈലിനെ സംബന്ധിച്ച രഹസ്യങ്ങള്‍ ചോര്‍ത്തിയ
ജീവനക്കാരനെ ചാരവൃത്തിയുടെ പേരില്‍ അറസ്റ്റ് ചെയ്തു. നിഷാന്ത് അഗര്‍വാളിനെയാണ് തീവ്രവാദ വിരുദ്ധ സംഘം (എടിഎസ്) അറസ്റ്റ് ചെയ്തത്. ഇയാള്‍ ഐഎസ്ഐ ഏജന്റാണെന്നാണ് സംശയിക്കപ്പെടുന്നത്.
കഴിഞ്ഞ നാല് വര്‍ഷമായി നാഗ്പൂരിലെ ബ്രഹ്മോസ് യൂണിറ്റില്‍ ജോലി ചെയ്യുന്ന ആളാണ് ഇയാള്‍. കുറച്ച് കാലമായി ഇയാള്‍ തീവ്രവാദി വിരുദ്ധ സേനയുടെ നിരീക്ഷണത്തില്‍ ആയിരുന്നു. ഒക്ടോബര്‍ 7, ഞായറാഴ്ച രാത്രിയില്‍ ആണ് ഇയാളെ തീവ്രവാദ വിരുദ്ധ സേന പരിശോധനയ്ക്ക് ശേഷം അറസ്റ്റ് ചെയ്തത്.
ബ്രഹ്മോസ് മിലസൈലുകളുടെ പ്രൊപ്പല്ലന്റുകളും ഇന്ധനവും വികസിപ്പിക്കുന്ന വിഭാഗത്തില്‍ ആയിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. പാകിസ്താന്റേയും അമേരിക്കയുടേയും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇയാള്‍ മിസൈലിന്റെ സാങ്കേതി വിവരങ്ങള്‍ കൈമാറിയിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. കേസിന്റെ വിശദാംശങ്ങള്‍ ഇനിയും അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചിട്ടുള്ളത്. പാകിസ്താനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായി അവര്‍ തന്നെ വിലയിരുത്തുന്ന ഒന്നാണ് ബ്രഹ്മോസ് മിസൈല്‍.
ബ്രഹ്മോസ് മിസൈലിന്റെ അതീവ രഹസ്യ സ്വഭാവമുള്ള പല വിവരങ്ങളും അഗര്‍വാളിന് ലഭ്യമായിരുന്നെന്ന് പോലീസ് പറഞ്ഞു. അഗര്‍വാളിന്റെ പ്രവര്‍ത്തനരീതികള്‍ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും എടിഎസ് വ്യക്തമാക്കി.