വിശാഖപട്ടണം: കലിപൂണ്ട കടല്‍ത്തിരകളോട് മല്ലടിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ രാജ്യത്തിന്റെ അഭിമാനമായ അഭിലാഷ് ടോമി ഇന്ത്യയിലെത്തി. നാവികസേനാ കപ്പല്‍ ഐഎന്‍എസ് സത്പുരയിലാണ് അഭിലാഷിനെ വിശാഖപട്ടണത്ത് കൊണ്ടുവന്നത്. അഭിലാഷിനെ ചികില്‍സയ്ക്കായി നേവിയുടെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ ചികില്സയെക്കുറിച്ചുളള തീരുമാനം അനുസരിച്ചാകും അഭിലാഷ് കൊച്ചിയിലേക്ക് വരിക.
കടലില്‍നിന്ന് രക്ഷപെടുത്തിയശേഷം ന്യൂ ആംസ്റ്റര്‍ഡാം ദ്വീപില്‍ ചികിത്സയിലായിരുന്ന അഭിലാഷുമായി കഴിഞ്ഞ വെള്ളിയാഴ്ച പുറപ്പെട്ട കപ്പല്‍ മുംബൈയിലേക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് വിശാഖപട്ടണത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വെളളിയാഴ്ചയാണ് അഭിലാഷ് ടോമിയെ ദ്വീപിലെ ആശുപത്രിയില്‍ നിന്ന് ഐഎന്‍എസ് സത്പുരയിലേക്ക് മാറ്റിയത്.
ഫ്രഞ്ച് കപ്പലായ ഓസിരിസ് സെപ്റ്റംബര്‍ 24 (തിങ്കളാഴ്ച്ച ഉച്ചയോടെ)നാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍പെട്ട് മൂന്നുദിവസങ്ങള്‍ക്കു ശേഷമായിരുന്നു ഇത്. ഓസിരിസില്‍ നിന്ന് രണ്ട് സോഡിയാക് ബോട്ടുകള്‍ അഭിലാഷിന്റെ പായ് വഞ്ചിക്കരികിലെത്തുകയും പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം സ്ട്രെച്ചറിന്റെ സഹായത്തോടെ കപ്പലില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് അഭിലാഷിനെ ഓസിരിസില്‍ തന്നെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചു.
ജൂലായ് ഒന്നിനാണ് ഫ്രാന്‍സിലെ ലെ സാബ്ലോ ദൊലോന്‍ തീരത്തുനിന്ന് അഭിലാഷ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് പ്രയാണം ആരംഭിച്ചത്. തൂരിയ എന്ന പായ് വഞ്ചിയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3300 കിലോമീറ്റര്‍ അകലെവച്ച് അഭിലാഷിന്റെ പായ് വഞ്ചി അപകടത്തില്‍പ്പെട്ടത്. പായ് വഞ്ചിയുടെ തൂണ് തകര്‍ന്നുവീണ് അഭിലാഷിന്റെ നടുവിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.
#WATCH: Commander & Golden Globe Race skipper Abhilash Tomy who was under medical observation at Ile Amsterdam was brought to Visakhapatnam, Andhra Pradesh today, onboard INS Satpura. (Video source: Indian Navy) pic.twitter.com/zfVTuRUoqs
— ANI (@ANI) October 6, 2018