കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ്വഞ്ചി അപകടത്തില്‍പെട്ട മലയാളി നാവികന് അഭിലാഷ് ടോമി ഇന്ന് ഇന്ത്യയിലെത്തും. ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്ന് അഭിലാഷ് ടോമിയുമായി യാത്ര തിരിച്ച ഇന്ത്യന്‍ നാവികസേനാ കപ്പല്‍ ഐഎന്‍എസ് സത്പുര ഇന്ന് വൈകുന്നേരത്തോടെ വിശഖാപട്ടണത്ത് എത്തുമെന്നാണ് സൂചന.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ കടല്‍ ക്ഷോഭത്തില്‍ പരിക്കേറ്റ അഭിലാഷിനെ ആദ്യം
ന്യൂ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചാണ് ചികിത്സ നല്‍കിയിരുന്നത്. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നല്കിയ ശേഷം ഐഎന്‍എസ് സത്പുരയിലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബര്‍ 28 (വെള്ളിയാഴ്ച്ച)നാണ് അഭിലാഷ് ടോമിയുമായി ഐഎന്‍എസ് സത്പുര ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്ന് യാത്ര തിരിച്ചത്.
ആദ്യം മുംബൈയിലേക്ക് പോകാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് വിശാഖപട്ടണത്തേക്ക് ദിശ മാറ്റുകയായിരുന്നു. അഭിലാഷിന് വിശാഖപട്ടണത്തെ നാവികസേന ആശുപത്രിയില്‍ ചികില്‍സ നല്‍കാനാണ് തീരുമാനം. വിദഗ്ധ പരിശോധനകള്‍ക്കു ശേഷം തുടര്‍ ചികില്‍സാക്കാര്യം തീരുമാനിക്കും. അഭിലാഷിനെ കാണാന്‍ പിതാവ് റിട്ട. ലഫ്. കമാന്‍ഡര്‍ വിസി ടോമി ഇന്നു വിശാഖപട്ടണത്തേക്കു തിരിക്കും.
നാവികസേനയ്ക്കും തന്നെ രക്ഷിച്ച എല്ലാവര്ക്കും ആംസ്റ്റര്‍ഡാമിലെ ആശുപത്രിക്കിടക്കയില്‍ നിന്ന് അഭിലാഷ് നന്ദി അറിയിച്ചിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഇത്. ഒപ്പം ചികിത്സയില്‍ കഴിയുന്ന അഭിലാഷിന്റെ ചിത്രവും നാവികസേന പുറത്തുവിട്ടിരുന്നു.
ഫ്രഞ്ച് കപ്പലായ ഓസിരിസ് സെപ്റ്റംബര്‍ 24 (തിങ്കളാഴ്ച്ച ഉച്ചയോടെ)നാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍പെട്ട് മൂന്നുദിവസങ്ങള്‍ക്കു ശേഷമായിരുന്നു ഇത്. ഓസിരിസില്‍ നിന്ന് രണ്ട് സോഡിയാക് ബോട്ടുകള്‍ അഭിലാഷിന്റെ പായ് വഞ്ചിക്കരികിലെത്തുകയും പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം സ്ട്രെച്ചറിന്റെ സഹായത്തോടെ കപ്പലില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് അഭിലാഷിനെ ഓസിരിസില്‍ തന്നെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചു.
ജൂലായ് ഒന്നിനാണ് ഫ്രാന്‍സിലെ ലെ സാബ്ലോ ദൊലോന്‍ തീരത്തുനിന്ന് അഭിലാഷ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് പ്രയാണം ആരംഭിച്ചത്. തൂരിയ എന്ന പായ്വഞ്ചിയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3300 കിലോമീറ്റര്‍ അകലെവച്ച് അഭിലാഷിന്റെ പായ്വഞ്ചി അപകടത്തില്‍പ്പെട്ടത്. പായ്വഞ്ചിയുടെ തൂണ് തകര്‍ന്നുവീണ് അഭിലാഷിന്റെ നടുവിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.