ന്യൂഡല്‍ഹി: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചതില്‍ രാജ്യമൊന്നടങ്കം അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയരുകയാണ്. കോടതി വിധിയില്‍ രാഷ്ട്രീയം കലര്‍ത്തുന്നു എന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണം അറിയാനുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് മുഖംതിരിച്ച് ബിജെപി ദേശീയ നേതാവ് പത്രസമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി.
വിഷയത്തില്‍ മറുപടി നല്കാന് മനകരുത്ത് ഇല്ലായിരുന്നുവെന്നാണ് നല്കുന്ന വിശദീകരണം. കുവൈറ്റില്‍ നടന്ന പത്രസമ്മേളനത്തില്‍ നിന്നുമാണ് ബിജെപി ദേശീയ നേതാവ് മീനാക്ഷി ലേഖി ഇറങ്ങിപോയത്. ബിജെപിയുടെ കീഴിലുള്ള ഭാരതീയ പ്രവാസി പരിഷത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ നിന്നുമാണ് പാര്‍ട്ടിയുടെ ദേശീയ വക്താവ് മീനാക്ഷി ലേഖി ഇറങ്ങിപോയത്.
സുപ്രീം കോടതിയുടെ ശബരിമല സ്ത്രീ പ്രവേശനത്തില്‍ ബിജെപിയുടെ വനിതാ നേതാവ് എന്ന രീതിയിലുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടാണ് തനിക്കുള്ളതെന്ന് മീനാക്ഷി ലേഖി പറഞ്ഞു. വക്താവ് എന്ന രീതിയില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് ചോദ്യം വന്നതോടെയാണ് മീനാക്ഷി ലേഖി ഇറങ്ങി പോയത്. ശേഷമുള്ള ചോദ്യങ്ങളോട് പ്രതികരിച്ചത് ശ്രീധരന് പിള്ളയായിരുന്നു.