ബംഗളൂരു: അമ്പതിനായിരം രൂപ വിലയുള്ള മോഷണം പോയ തത്തയെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും കണ്ടെത്തി. നഷ്ടപ്പെട്ട് നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ തന്നെ തത്തയെ തിരിച്ചുകിട്ടി. ബംഗളൂരുവില്‍ പ്രദീപ് യാദവ് എന്നയാളുടെ പെറ്റ് ഷോപ്പില്‍ നിന്നാണ് വില കൂടിയ തത്ത മോഷണം പോയത്. അമ്പതിനായിരം രൂപ വിലയുള്ള കോംഗോ ഗ്രേ പാരറ്റ് ഇനത്തില്‍പെട്ട തത്തയാണ് മോഷണം പോയത.്
പക്ഷിസ്നേഹികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പാണ് തത്തയെ തിരികെ ലഭിക്കാന്‍ സഹായിച്ചതെന്ന് പെറ്റ് ഷോപ്പ് ഉടമ പറയുന്നു. ഇത്രയും കുറഞ്ഞ സമയം കൊണ്ട് നാലുപേര്‍ കൈമാറിയാണ് തത്ത യഥാര്‍ത്ഥ ഉടമയിലെത്തിയത്. മോഷ്ടിച്ചതാണെന്ന് അറിയാതെ തത്തയെ വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഒരംഗം ഗ്രൂപ്പിലിട്ട മെസ്സേജാണ് തത്തയെ തിരികെ ലഭിക്കാന്‍ കാരണമായത്.
കഴിഞ്ഞയാഴ്ച ബംഗളൂരുവില്‍ പ്രദീപ് യാദവ് നടത്തുന്ന പെറ്റ് ഷോപ്പില്‍ നിന്നാണ് കോംഗോ ഗ്രേ പാരറ്റ് ഉള്‍പ്പെടെ പതിനാറ് പക്ഷികള്‍ മോഷ്ടിക്കപ്പെട്ടത്. രാവിലെ കടയിലെത്തിയപ്പോഴാണ് യാദവിന് മനസ്സിലായത്. പക്ഷികളെ മോഷ്ടിക്കുക എന്നത് മാത്രമായിരുന്നു കളളന്റെ ലഭ്യമെന്നും യാദവ് തിരിച്ചറിഞ്ഞു. കാരണം കടയിലുണ്ടായിരുന്ന പണത്തിലോ മറ്റ് വസ്തുക്കളിലോ തൊട്ടിട്ടില്ല. തൊട്ടടുത്ത കൂട്ടിലുണ്ടായിരുന്ന ഇരുപതോളം ലൗ ബേര്‍ഡ്സും സുരക്ഷിതമായി തന്നെയുണ്ട്. അമ്പതിനായിരം രൂപയാണ് കോംഗോ ഗ്രേ പാരറ്റിന്റെ വില. മറ്റ് പക്ഷികളെല്ലാം തന്നെ ഇരുപത്തയ്യായിരം രൂപ വിലയുള്ളതാണ്.
”പക്ഷികളെക്കുറിച്ചും അവയുടെ വിലയെക്കുറിച്ചും കൃത്യമായി അറിവും ബോധ്യവുമുള്ളയാളാണ് മോഷ്ടാവെന്ന് അതില്‍ നിന്ന് തന്നെ മനസ്സിലായി. പ്രൊഫഷണല്‍ പക്ഷി വില്‍പ്പനക്കാര്‍ക്ക് വേണ്ടിയുളള ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഞങ്ങള്‍ ആരംഭിച്ചിരുന്നു. അതില്‍ പക്ഷികള്‍ മോഷണം പോയ വിവരം ഞാന്‍ അറിയിച്ചു. എന്റെ പക്ഷികളെപ്പോലെയുള്ളവയെക്കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കണമെന്ന് ഞാന്‍ അവരോട് അഭ്യര്‍ത്ഥിച്ചിരുന്നു.” എട്ടു വര്‍ഷത്തോളമായി പക്ഷി വില്‍പ്പന രംഗത്ത് സജീവമായിട്ടുള്ള ആളാണ് പ്രദീപ് യാദവ്. അതേ സമയം പക്ഷികളെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
അടുത്ത ദിവസം പ്രദീപ് യാദവിന് രാജ്കുമാര് എന്നൊരാളില്‍ നിന്ന് ഒരു മെസ്സേജ് ലഭിച്ചു. താന്‍ ഒരു കോംഗോ ഗ്രേ പാരറ്റിനെ വാങ്ങിയെന്നും യാദവ് പറഞ്ഞ ലക്ഷണങ്ങളെല്ലാമുള്ള തത്തയാണ് അതെന്നുമായിരുന്നു രാജ്കുമാറിന്റെ മെസ്സേജ്. അപ്പോള്‍ത്തന്നെ നഷ്ടപ്പെട്ട തത്തകളെയും പക്ഷികളെയും കുറിച്ചുള്ള വീഡിയോയും ചിത്രങ്ങളും യാദവ് അയച്ചു കൊടുത്തു. ശിവകുമാര്‍ എന്നയാളില്‍ നിന്നുമാണ് പക്ഷിയെ ലഭിച്ചതെന്നായിരുന്നു രാജ്കുമാറിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ശിവകുമാര്‍ പറഞ്ഞത് കര്‍ണ എന്നയാളില്‍ നിന്നാണ് തനിക്ക് തത്തയെ ലഭിച്ചതെന്നാണ്. എന്തായാലും പോലീസുകാരെയും കൂട്ടി ശിവകുമാറില്‍ നിന്നും യാദവ് തന്റെ തിരികെ വാങ്ങി.
കര്‍ണയെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ അപരിചിതനായ ഒരാളാണ് തനിക്ക് നല്‍കിയതെന്നായിരുന്നു മൊഴി. പഴയ ജോലിക്കാരില്‍ ആരെങ്കിലുമായിരിക്കും പക്ഷികളെ മോഷ്ടിച്ചു കൊണ്ടു പോയത് എന്നാണ് യാദവിന്റെ ബലമായ സംശയം. തത്തയെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രദീപ് യാദവ്. ഒപ്പം വാട്ട്സ് ആപ്പ് ഗ്രൂപ്പിന് നന്ദിയും പറയുന്നു.