ന്യൂഡല്‍ഹി: ബൈക്ക് യാത്രയ്ക്കിടെ രാസവസ്തു ദേഹത്ത് വീണ് പൊള്ളലേറ്റ യുവാവു മരിച്ചു. ബൈക്ക് ഓടിച്ചിരുന്നയാളെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ജോഹ്റി എന്‍ക്ലേവ് മെട്രോ സ്റ്റേഷനു സമീപം ബുധനാഴ്ച വൈകുന്നേരം ആറോടെയാണു സംഭവം.
അമിത് ചൗഹാനെന്ന (32) വ്യക്തിയാണു മരിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മെട്രോ സ്റ്റേഷനു സമീപത്തു കൂടെ തങ്ങള്‍ ബൈക്കില്‍ പോകുമ്പോള്‍ ദേഹത്ത് രാസവസ്തു വീണു പൊള്ളലേല്‍ക്കുകയായിരുന്നുവെന്ന്, ചികിത്സയിലുള്ള രാഹുല്‍ മൊഴി നല്‍കിയിട്ടുണ്ട്. രാഹുലായിരുന്നു സംഭവ സമയത്ത് ബൈക്ക് ഓടിച്ചിരുന്നത്.
ഇവരുടെ ദേഹത്ത് ആരെങ്കിലും മന:പൂര്‍വ്വം രാസവസ്തു ഒഴിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും എല്ലാവശങ്ങളും പരിശോധിച്ചു വരികയാണെന്നും ഗാസിയബാദ് പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ അറിയിച്ചു.
റെയില്‍വേ സ്റ്റേഷന് പരിധിയില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും സ്റ്റേഷനു സമീപത്താണു സംഭവം നടന്നതെന്നും ഡിഎംആര്‍സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഈ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായി ട്രയല്‍ റണ്‍ നടന്നു വരികയാണെന്നും രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള ഒരു പ്രവര്‍ത്തനവും ഇവിടെ പുരോഗമിക്കുന്നില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു