ന്യൂഡല്‍ഹി: ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല അധ്യാപികയും മലയാളിയുമായ ഗീതാ ഗോപിനാഥിനെ അന്താരാഷ്ട്ര നാണയനിധി മുഖ്യ സാമ്പത്തിക വിദഗ്ദയായി നിയമിച്ചു. നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗറി ഒബ്സ്റ്റ്ഫെല്‍ഡ് ഡിസംബറില്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.
നൊബേല്‍ ജേതാവായ അമര്‍ത്യസെന്നിനുശേഷം ഐഎംഎഫിലെ മുഖ്യ സാമ്പത്തിക വിദഗ്ധ പദവിയില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഗീതാ ഗോപിനാഥ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് കൂടിയാണ് ഗീത.
2010-ല്‍ 38-ാം വയസ്സിലാണ് ഹാര്‍വാര്‍ഡില്‍ ഗീത സ്ഥിരം പ്രൊഫസറായത്. ചിക്കാഗോ സര്‍വകലാശാലയിലെ ഗ്രാഡ്വേറ്റ് സ്കൂള്‍ ഓഫ് ബിസിനസില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു.
2001ല്‍ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഗീത, ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടി.
വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലും ഉപരിപഠനം നടത്തിയിട്ടുള്ള ഗീതയ്ക്ക് അമേരിക്കന്‍ പൗരത്വവുമുണ്ട്. ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായ ഗീതയെ ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ദെ അഭിനന്ദിച്ചു.
കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ ടിവി ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടെയും മകളാണ്.