ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ്സ് മല്‍സരത്തിനിടെ പായ്കപ്പല്‍ തകര്‍ന്ന് അപകടത്തില്‍പ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇത്രവലിയ ദുരന്തം നേരിട്ടിട്ടും അഭിലാഷിന്റെ ഉത്സാഹവും ധൈര്യവും രാജ്യത്തെ യുവാക്കള്‍ക്ക് മാതൃകയാണെന്ന് മന് കി ബാത്തില്‍ അദ്ദേഹം പറഞ്ഞു.
ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് അഭിലാഷ് ടോമി ജീവനുവേണ്ടി പോരാടിയത്. അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നു. അദ്ദേഹം രാജ്യത്തെ എല്ലാ യുവാക്കള്‍ക്കും പ്രചോദനമാകുമെന്നാണു കരുതുന്നത്.
ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ചാണ് മോഡി തന്റെ പ്രഭാഷണം തുടങ്ങിയത്.
യുഎന്‍ സമാധാനസേനയിലേക്ക് ഏറ്റവും കൂടുതല്‍ വിഹിതം നല്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തിന്റെ സമാധാനത്തിനും വളര്‍ച്ചയ്ക്കും തടസ്സം നില്‍ക്കുന്നവര്‍ക്കു ശക്തമായ മറുപടി നല്കാന് സൈന്യത്തിനു സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മിലാവാക്രമണത്തെയും അതിന്റെ വാര്‍ഷികമായ പരാക്രം പര്‍വിനേക്കുറിച്ചും മോഡി പരാമര്‍ശിച്ചു. 2016ലെ മിന്നലാക്രമണത്തില്കൂടി തീവ്രവാദത്തിന്റെ മറവില്‍ നിഴല്‍യുദ്ധം നടത്തുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കിയെന്ന് മോദി പരാമര്‍ശിച്ചു. രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും വിഘാതമാകുന്നവര്‍ക്ക് ഉചിതമായ മറുപടി നമ്മുടെ ജവാന്മാര് നല്‍കുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ എട്ടിനാണു വ്യോമസേന ദിനം. ആറു പൈലറ്റുകള്‍, 19 എയര്മാന്മാര് എന്നിവരുമായി 1932ല്‍ തുടങ്ങിയ വ്യോമസേന ഇപ്പോള്‍ 21ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ സേനയാണ്. രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ച പോരാളികളെയും കുടുംബങ്ങളെയും സല്യൂട്ട് ചെയ്യുന്നു. ദുരന്തങ്ങളുണ്ടാകുന്ന സമയത്തെല്ലാം രക്ഷാപ്രവര്‍ത്തനത്തിന്റെ മുന്നണിയിലുണ്ടായിരുന്നവരാണു വ്യോമസേന ഉദ്യോഗസ്ഥരെന്നും പ്രധാനമന്ത്രി പറഞ്ഞു.