ബംഗളൂരു: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചാല്‍ 25 ലക്ഷം രൂപ കര്‍ണാടക പോലീസ് വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി കേസിലെ പ്രതി. കുടുംബത്തിനെ ഭീഷണിപ്പെടുത്തിയാണ് തന്നെ പ്രതിയാക്കിയതെന്ന വെളിപ്പെടുത്തലുമായി മറ്റൊരാള്‍ കൂടി രംഗത്തെത്തിയത് കര്‍ണാടക പോലീസിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി.
ഗൗരി ലങ്കേഷിനെ വെടിവച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് അറസ്റ്റ് ചെയ്ത പരശുരാം വാഗ്മാരേയാണ് കോടതിയിലെത്തിച്ചപ്പോള്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. കുറ്റം സമ്മതിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം തനിക്ക് 25 ലക്ഷം രൂപ വാഗ്ദ്ധാനം ചെയ്തുവെന്നാണ് ഇയാളുടെ ആരോപണം. കേസില്‍ പിടിയിലായ മറ്റൊരു പ്രതിയും സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് കോടതിയില്‍ മൊഴി നല്കി. കേസില്‍ കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും പോലീസ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായും ഇയാള്‍ കോടതിയില്‍ ആരോപിച്ചു.
അതേസമയം, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറായിട്ടില്ല. കുറ്റവാളികളുടെ മൊഴി കേസില്‍ യാതൊരു മാറ്റവും വരുത്തില്ലെന്നാണ് നിയമവിദഗ്ദരുടെ വിലയിരുത്തല്‍. നാല് മാസം ജയിലില്‍ കഴിഞ്ഞ ശേഷം ഇപ്പോള്‍ കോടതിയില്‍ ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പലതവണ കോടതിയിലെത്തിയിട്ടും ഇത്തരമൊരു ആരോപണം പ്രതികള്‍ ആരും ഉന്നയിച്ചിരുന്നില്ല. ബാഹ്യപ്രേരണയാലാണ് പ്രതികള്‍ ആരോപണം ഉന്നയിച്ചതെന്ന് സംശയിക്കുന്നതായും നിയമവിദഗ്ദ്ധര്‍ പറയുന്നു.