ഡെറാഡൂണ്‍: രാജ്യത്ത് പോണ് സൈറ്റുകള്‍ നിരോധിക്കാമോയെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഡെറാഡൂണില്‍ വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ പീഡിപ്പിച്ച കേസില്‍ വാദം നടക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ചോദ്യം.
പോണ് വീഡിയോകള്‍ തുടര്‍ച്ചയായി കണ്ടതുകൊണ്ടാണ് തന്നെ പ്രതികള്‍ പീഡിപ്പിച്ചതെന്ന വിദ്യാര്‍ഥിനിയുടെ മൊഴി കേട്ടാണ് കോടതി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. പോണ് ഉള്ളടക്കമുള്ള വെബ്സൈറ്റുകളുടെ ലൈസന്‍സ് റദ്ദാക്കാനാകുമോയെന്നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് ആരാഞ്ഞത്. ഡിജിറ്റല്‍ മീഡിയയില്‍ പോണ് ഉള്ളടക്കമുള്ള എല്ലാവിധ പ്രചാരണങ്ങളും നിരോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 14നാണ് പത്താം ക്ലാസുകാരിയായ വിദ്യാര്‍ഥിനിയെ നാലു സീനിയര്‍ വിദ്യാര്‍ഥികള്‍ ലൈംഗികമായി പീഡിപ്പിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നോരുക്കങ്ങള്ക്കിടെയായിരുന്നു സംഭവം. എന്നാല്‍ സ്കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ കുറ്റപ്പെടുത്താനും സംഭവം മറച്ചുവെക്കാനുമാണ് ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് സ്കൂളിന്റെ അംഗീകാരം സിബിഎസ്ഇ റദ്ദാക്കി. കേസില്‍ അന്വേഷണം നടക്കുന്നതിനിടെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ സ്കൂള്‍ അധികൃതര്‍ നശിപ്പിച്ചുകളഞ്ഞതും വിവാദമായിരുന്നു.