മുംബൈ: മകന്റെ ജന്മദിനം ശ്മശാനത്തില്‍ വിപുലമായി ആഘോഷിച്ച പിതാവിനെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി ബിജെപി പ്രവര്‍ത്തകര്‍ നല്കിയ പരാതിയിലാണ് സാമൂഹ്യപ്രവര്‍ത്തകനായ ഔറംഗാബാദ് സ്വദേശി പന്താരി നാഥ് ഷിന്ഡക്കെതിരെയാണ് കേസ്.
സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അന്തശ്രദ്ധ നിര്‍മൂലന്‍ സമിതിയുടെ ജില്ലാ പ്രസിഡന്റാണ് ഷിന്‍ഡ.
സെപ്തംബര്‍ 19നാണ് ഷിന്‍ഡെ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ തന്റെ മകന്റെ 19ാം ജന്മദിനം ആഘോഷിച്ചത്. ചടങ്ങില്‍ മാംസാഹാരം അടക്കമുള്ള ഭക്ഷണങ്ങളും വിളമ്പിയിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ചിലര്‍ എടുത്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ചില പ്രാദേശിക പത്രങ്ങള്‍ സംഭവത്തിന്റെ വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചതോടെ വിവാദം രൂക്ഷമായി. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും മതചിഹ്നങ്ങളെ അവഹേളിച്ചുവെന്നും കാട്ടി ചില ഹിന്ദു സംഘടനകളും രംഗത്തെത്തി.
തിങ്കളാഴ്ച പൂജാരിയുമായി ശ്മശാനത്തിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്ത് ഗോമൂത്രം തളിച്ച് ശുദ്ധീകരിക്കുകയും മന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്തു. ഇതിന് പിന്നാലെ ബിജെപി ജിന്ഡൂര് യൂണിറ്റ് പ്രസിഡന്റ് രാജേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മതവികാരങ്ങളെ അവഹേളിച്ചുവെന്ന കുറ്റം ചുമത്തി ഷിന്‍ഡെയ്ക്കെതിരെ കേസെടുത്തു. എന്നാല്‍ കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.