ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്യാമറാ ഭ്രമം എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ളതാണ്. ഏതു പരിപാടിയില്‍ പങ്കെടുക്കുമ്പോഴും ക്യാമറ എവിടെയാണുള്ളതെന്ന് മോഡിക്കറിയാം, അതിനനുസരിച്ച് പെരുമാറാനും അറിയാം.
അതേസമയം, താന്‍ നല്ലൊരു ഫോട്ടോഗ്രാഫറാണെന്നും തെളിയിച്ചിരിക്കുകയാണ് മോഡി. താന്‍ പകര്‍ത്തിയ പ്രകൃതിഭംഗി ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ മോഡി.
സിക്കിമിലേക്കുള്ള ആകാശ യാത്രയില്‍ മോഡി പകര്‍ത്തിയ നാലു ചിത്രങ്ങളാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ‘സ്വച്ഛവും മനോഹരവും! സിക്കിമിലേക്കുള്ള യാത്രയില്‍ പകര്‍ത്തിയത്.. ഏറെ ആകര്‍ഷകവും അവിശ്വസനീയവും!’- എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആകാശത്തുനിന്നുള്ള ഭൂഭാഗ ദൃശ്യങ്ങളാണ് ഇവ.
മുന്‍പും ചില പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെ മോഡി ക്യാമറയുമായി എത്തിയിട്ടുണ്ട്. 2016ല്‍ ഛത്തീസ്ഗഡിലെ നന്ദന്‍വന്‍ മൃഗസംരക്ഷണ കേന്ദ്രം സന്ദര്‍ശിക്കുന്നതിനിടെ കടുവയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന മോഡിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കമ്പിയഴികള്‍ക്കപ്പുറം നില്ക്കുന്ന കടുവയുടെ സമീപത്തുനിന്ന് ചിത്രമെടുക്കുന്ന മോഡിയുടെ ചിത്രങ്ങളാണ് അന്ന് പ്രചരിച്ചത്.
സിക്കിമിലെ പക്യോങ്ങിലെ പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനാണ് മോഡി സിക്കിമിലേക്ക് പോയത്. സമുദ്രനിരപ്പില്‍നിന്ന് 4,500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ വിമാനത്താവളം സിക്കിമിലെ ആദ്യ വിമാനത്താവളമാണ്.