ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ കരാര്‍ റിലയന്‍സിന് നല്‍കിയതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. ‘മേരാ പിഎം ചോര്‍ ഹെ’ എന്ന ഹാഷ്ടാഗുമായി ക്യാംപെയ്ന് ട്വിറ്ററില്‍ ട്രെന്‍ഡിങാണ്.
റാഫേലിനുള്ള കരാര്‍ റിലയന്‍സിന് നല്‍കണമെന്ന് മോഡി പറഞ്ഞതായി ഫ്രഞ്ച് മുന്‍ പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നു. ഇതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
ഇതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോഡിക്കെതിരെ രംഗത്തെത്തിയിരുന്നു. മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രാജ്യത്തെ കാവല്‍ക്കാരനായ പ്രധാനമന്ത്രി കള്ളനാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ജനങ്ങളുടെ പണം സര്‍ക്കാര്‍ അംബാനിക്ക് നല്‍കിയെന്നാണ് രാഹുലിന്റെ വിമര്‍ശനം
ഇതിന്റെ ചുവടുപിടിച്ചാണ് ട്വിറ്ററടക്കമുള്ള സോഷ്യല്‍മീഡിയയില്‍ ‘മേരാ പിഎം ചോര്‍ ഹെ’ എന്ന പേരില്‍ ക്യാംപെയ്ന് ആരംഭിച്ചിരിക്കുന്നത്.
ദേശീയ തലത്തില്‍ തുടക്കമിട്ട ഹാഷ്ടാഗ് ക്യാംപെയ്ന് യുവാക്കളൊന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ട്വിറ്റര്‍ ക്യാംപെയ്ന് പുറമെ കൈകളില്‍ മേരാ പിഎം ചോര്‍ ഹെയ് എന്നെഴുതി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം മോഡിയെ പ്രതിരോധിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങും ബിജെപിയും രംഗത്തെത്തി.