ഗുവാഹട്ടി: വ്യാജമദ്യവില്പന നടത്തിയെന്നാരോപിച്ച് യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച്
രഹസ്യഭാഗങ്ങളില്‍ മുളകുപൊടി വിതറി. അസം-മിസോറാം അതിര്‍ത്തിയിലുള്ള കരിംഗഞ്ചിണ് സംഭവം. യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സെപ്റ്റംബര്‍ 10 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം യുവതിയെ നഗ്നയാക്കിയ ശേഷം രഹസ്യഭാഗങ്ങളില്‍ മുളകുപൊടി വിതറുകയായിരുന്നു.
തന്നെ അകാരണമായി മര്‍ദ്ദിച്ചെന്ന് കാട്ടി യുവതി കരിംഗഞ്ച് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ആളുകള്‍ തന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. അക്രമിച്ചവരില്‍ സ്ത്രീകളും ഉണ്ടായിരുന്നെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് 19 പേര് അറസ്റ്റിലായെന്നും മുഖ്യപ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. മര്‍ദ്ദന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചവര്‍ക്കെതിരേയും ഐടി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. യുവതി വ്യാജമദ്യം വില്‍ക്കുകയും അനാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തതായി ഗ്രാമീണര്‍ ആരോപിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിയശേഷമേ വസ്തുത എന്താണെന്ന് പറയാനാവൂ എന്നും പോലീസ് പറഞ്ഞു.