മുംബൈ: രാജ്യത്ത് കുത്തനെ ഉയരുന്ന ഇന്ധനവിലയെ മറികടക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പുതുവഴികള്‍ തേടുന്നു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില വര്‍ദ്ധിപ്പിച്ച് ഈ തുക പെട്രോളിന്റെ നികുതി കുറയ്ക്കാന്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
2013 മുതല്‍ സംസ്ഥാനത്ത് മദ്യത്തിന്റെ നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.
കൂടുതല്‍ പേര് ഉപയോഗിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി വര്‍ദ്ധിപ്പിക്കുമ്പോള്‍ സര്‍ക്കാരിന് അധിക വരുമാനം ലഭിക്കും. ഈ തുക പെട്രോളിന്റെ നികുതി കുറക്കാന്‍ വേണ്ടി ഉപയോഗിക്കാമെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
സംസ്ഥാനത്ത് വില്‍ക്കുന്ന ബിയറിന്റെ നികുതി 2017ലും മിലിട്ടറി ക്യാന്റീന് വഴി വിതരണം ചെയ്യുന്ന മദ്യത്തിന്റെ നികുതി 2015ലും ഉയര്‍ത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല.