ന്യൂഡല്‍ഹി: ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് (തലാഖ്-ഇ-ബിദ്ദത്ത്) ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി.
മുത്തലാഖ് ചൊല്ലിയാല്‍ മൂന്നു വര്‍ഷം വരെ തടവു ലഭിക്കും. കുറ്റാരോപിതരായ പുരുഷന്മാര്ക്ക് ജാമ്യം നല്‍കുന്നതിനുള്ള വകുപ്പ് കൂടി ബില്ലില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു.
ഭര്ത്താക്കന്മാര്ക്ക് ജാമ്യം അനുവദിക്കണമെന്നത് പ്രതിപക്ഷത്തിന്റെ ആവശ്യമായിരുന്നു. ജാമ്യം നല്കാന് മജിസ്ട്രേറ്റിന് അധികാരമുണ്ടാകും. ജീവനാംശം ആവശ്യപ്പെട്ട് ഭാര്യയ്ക്ക് മജിസ്ട്രേറ്റിനെ സമീപിക്കാം. പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണാവകാശവും ഭാര്യയ്ക്ക് ആവശ്യപ്പെടാം തുടങ്ങിയ വ്യവസ്ഥകളെല്ലാം ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്.
ബില്‍ ലോക്സഭ നേരത്തെ പാസാക്കിയിരുന്നുവെങ്കിലും രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായെത്തിയത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22-ന് പ്രഖ്യാപിച്ച വിധിയിലൂടെ സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചിരുന്നു. ആറുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിയശേഷം ശബ്ദവോട്ടോടെയായിരുന്നു ബില്‍ പാസാക്കിയത്.