കോര്‍പ്പറേറ്റ് മുതലാളിമാരെ സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്
World Hunger Index ല്‍ (പട്ടിണി രാജ്യങ്ങളുടെ ലിസ്റ്റ് ) ഉള്‍പെട്ട 112 രാജ്യങ്ങളില്‍ 102മാം സ്ഥാനത്തുള്ള ഇന്ത്യയിലെ ഒരു ജയിലിന്റെ വീഡിയോ കണ്ട ലണ്ടനിലെ മജിസ്ട്രേറ്റ് കോടതി ജഡ്ജി സത്യത്തില്‍ ആശ്ചര്യപ്പെട്ടു പോയിട്ടുണ്ടാവും. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെ 12 മാം നമ്പര്‍ ബാരക്കില്‍ ടെലിവിഷന്‍, പ്രത്യേക കുളിമുറി, വസ്ത്രം കഴുകാനുള്ള സ്ഥലം, കിടക്ക, സിസിടിവി നിരീക്ഷണം, സുരക്ഷാ ജീവനക്കാര്‍, നാലു നേരം സമൃദ്ധമായ ഭക്ഷണം….. തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയ ജയില്‍ മുറിയുടെ വീഡിയോ.ഇന്ത്യന്‍ ജയിലുകള്‍ വൃത്തിഹീനമാണെന്ന് പറഞ്ഞ വിജയ് മല്യയുടെ കേസ് പരിഗണിക്കുന്നതിയില് ആയിരുന്നു CBI യുടെ വിശദീകരണം.
പഞ്ചാബ് നാഷണല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള പൊതുമേഖല ബാങ്കുകളില്‍ എന്ന് 9000 കോടി തട്ടിയെടുത്ത് സാമ്പത്തിക കുറ്റവാളിയാണ് വിജയ് മല്യ. ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കെ 2016ല്‍ രാജ്യം വിടാന്‍ മല്യയെ സഹായ ഉന്നതനാര്? എന്ന ചോദ്യം ജൂണ്‍ 12ന് ട്വീറ്റ് ചെയ്ത BJP നേതാവ് സുബ്രമണ്യസ്വാമിക്ക് കഴിഞ്ഞ ദിവസം മല്യ തന്നെ മറുപടി പറഞ്ഞു. – അരുണ്‍ ജെയ്റ്റ്ലി മോദി തരംഗം ഉണ്ടായി എന്ന് സ്തുതിപാഠകര്‍ വീരവാദം മുഴക്കിയ 2014ലെ ലോകസഭ തെരെഞ്ഞെടുപ്പില്‍ അമൃത്സര്‍ ലോകസഭ മണ്ഡലത്തില്‍ ദയനീയമായി പരാജയപ്പെട്ട അരുണ്‍ ജെയ്റ്റ്ലി എങ്ങനെ ധനകാര്യം -പ്രതിരോധം എന്നീ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനായി എന്ന4 വര്‍ഷം പഴക്കമുള്ള ഒരു ചോദ്യത്തിനും കൂടിയുള്ള ഉത്തരമാണിത്. കോര്‍പ്പറേറ്റുകളുടെ അക്ഷയപാത്രമായ ഖജനാവിന്റെ താക്കോല്‍ ഏല്പിക്കാന് രാജ്യസ്നേഹികളുടെ പ്രസ്ഥാനത്തിന് ഇതിനേക്കാള്‍ യോഗ്യനായ ആരെ കിട്ടും ?
ഞാന്‍ ലണ്ടനിലേക്ക് പോകുന്നു എന്ന് ഇന്ത്യന്‍ ധനകാര്യ മന്ത്രിയെ മുന്‍കൂട്ടി അറിയിച്ചിരുന്നു എന്ന മല്യയുടെ വാദം ജെയ്റ്റ്ലിയും സമ്മതിക്കുന്നു .യാദൃശ്ചിക കൂടിക്കാഴ്ച അല്ലായിരുന്നുവെന്നും പാര്‍ലമെന്റ് വരാന്തയില്‍ 15 മിനുട്ടില്‍ അധികം ഇരുവരും സംസാരിച്ചിരുന്നുവെന്നും ദൃക്സാക്ഷിയായ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് രാജ്യസഭ എം പി എം എല്‍ പൂനിയ സി സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വെല്ലുവിളിക്കുമ്പോള്‍ മൗനം കൊണ്ട് കാര്യമില്ല. തട്ടിപ്പു നടത്തി രാജ്യം വിടുമ്പോള്‍ നയതന്ത്ര പാസ്പോര്‍ട്ടുമായി (Diplomatic Passport) പോകാന്‍ കഴിയുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, എവിടെ എത്തി നില്ക്കുന്ന നമ്മുടെ ജനാധിപത്യം?
മല്യയുടെ രാജ്യം വിടല്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും അറിയാമായിരുന്നു എന്ന കാര്യം പറഞ്ഞയാള്‍ നിസ്സാരക്കാരനല്ല മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാംരാജനാണ്. കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചെത്തിക്കും എന്ന് പറഞ്ഞവര്‍ തട്ടിപ്പുകാര്‍ക്ക് വിദേശത്ത് സുഖവാസം ഒരുക്കുന്നു. രാജ്യം വിട്ടവരില്‍ വിജയ് മല്യ മാത്രമല്ല ലളിത് മോദിയും നീരവ് മോദിയും എല്ലാം രാജ്യം ഭരിക്കുന്നവരുടെ പരിലാളനയേറ്റ് ഗ്രീന്‍ ചാനല്‍ വഴി തന്നെ പോയവരാണ്.ഇത്തരക്കാര്‍ക്ക് തട്ടിപ്പിന് അവസരം ഒരുക്കിയത് നവ ഉദാരവല്‍ക്കരണ നയങ്ങളും ആണ്.ഈ നയങ്ങള്‍ ഇന്ത്യക്ക് പരിചയപ്പെടുത്തിയത് കോണ്‍ഗ്രസ് ആയിരുന്നുവെങ്കില്‍ ഇന്ന് അത് പെട്രോള്‍ വില കയറുന്ന വേഗതയില്‍ BJP നടപ്പിലാക്കുന്നുവെന്ന് മാത്രം വിജയ് മല്യ വിഷയത്തില്‍ ഇപ്പോള്‍ പ്രസ്താവനകള്‍ എങ്കിലും ഇറക്കി പ്രതിപക്ഷ കടമ നിറവേറ്റുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങള്‍ ആത്മാര്‍ത്ഥമാണോ എന്‍ സംശയിക്കേണ്ടി വരുന്നത് ഇന്നലെകളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്.
വിജയ് മല്യയെ കോര്‍പ്പറേറ്റ് മുതലാളി , മദ്യരാജാവ് , എന്ന ഇമേജില്‍ നിന്നും പാര്‍ലമെന്റ് അംഗം എന്ന സുരക്ഷിതമായ കവചത്തിനുള്ളിലേക്ക് എത്തിക്കാന്‍ രാജ്യസഭയിലേക്ക് ആദ്യം നോമിനേറ്റ് ചെയ്തത് കോണ്‍ഗ്രസ്സ് ആയിരുന്നില്ലേ ?. അന്നത്തെ നിലപാട് തെറ്റായി പോയി എന്ന് കോണ്‍ഗ്രസ്സ തുറന്ന് പറയുമോ?. അടിയൊഴുക്കുകളില്‍ കോണ്‍ഗ്രസ്സും ബി ജെ പിയും പരസ്പരം സന്ധിക്കുന്ന ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്. ഇതേ മല്യ ഉത്തര്‍ പ്രദേശിലെ മീററ്റില്‍ ഷിയാ സെന്റര്‍ വഖഫ് ബോര്‍ഡിന്റെ സ്ഥലം എന്ന പരാതി കൊടുത്തപ്പോള്‍ പരാതിക്കാരനായ വസിം റസ്വിയോട് ‘ മല്യ ഒരു പാവം കോടീശ്വരന് ‘ എന്ന് ശുപാര്‍ശ പറഞ്ഞത് രാഹുല്‍ ഗാന്ധിയും ഗുലാം നബി ആസാദും ചേര്ന്നായിരുന്നില്ലേ.?. പൊതുമേഖല ബാങ്കുകളെ കൊള്ളയടിക്കാന്‍ പാപ്പരായ കുത്തകകള്‍ക്ക് വരെ സഹായകരമായ ഇളവുകള്‍ വായ്പ്പാ നയത്തില്‍ ഉള്‍പ്പെടുത്തി മാറ്റം വരുത്തിയത് (sweat deal എന്ന് cbi) രണ്ടാം യു പി എ സര്‍ക്കാര്‍ ആയിരുന്നല്ലോ.? ഇന്ന് അരുണ്‍ ജെയ്റ്റ്ലി ആണെങ്കില്‍ അന്ന് മല്യയുടെ വിശ്വസ്ഥന് പി.ചിദംബരം ആയിരുന്നു.കിങ്ങ് ഫിഷര്‍ എയര്‍ലൈന്‍സിന് കോടികളുടെ വായ്പ ഉറപ്പാക്കിയത് രണ്ടാം യു പി എ യുടെ കാലത്തു തന്നെ. മറ്റൊരു വായ്പാത്തട്ടിപ്പുകാരന് സജ്ഞയ് ഭണ്ഡാരി ബി ജെ പി നേതാക്കളുമായി നടത്തിയ 500 ല്‍ അധികം ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ പി.ടി.ഐ പുറത്തു വിട്ടപ്പോള്‍ ബി ജെ പി ക്കെതിരെ ശക്തമായി അക്രമിക്കുന്നതിനും രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിനും തടസ്സമായി നിന്നത് സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേരയും സജ്ഞയ് ഭണ്ഡാരിയും തമ്മില്‍ ഉണ്ടായിരുന്ന വ്യാപാര ബന്ധങ്ങള്‍ ആയിരുന്നില്ലേ.?.
ഇന്ത്യയില്‍ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് തുടക്കം കുറിച്ച കോണ്‍ഗ്രസ്സിന് ഇനിയെങ്കിലും ബി ജെ പി വിരുദ്ധ സഖ്യത്തിന്റെ പൊതു നേതൃത്വം ആവണമെങ്കില്‍ വര്‍ഗ്ഗീയ വിരുദ്ധ സമീപനങ്ങളില്‍ കൂടുതല്‍ ആത്മാര്‍ത്ഥത കാണിക്കേണ്ടതിനൊപ്പം തന്നെ ഇന്ത്യന്‍ ജനതയുടെ നടുവൊടിച്ച നവ സാമ്പത്തിക നയങ്ങള്‍ തെറ്റായിരുന്നുവെന്ന് തുറന്നു പറയുകയും വേണം.
വന്‍കിട മുതലാളിമാര്‍ ആയിരുന്നു ഒരുകാലത്ത് ഇന്ത്യയില്‍ ബാങ്കുകള്‍ നടത്തിയിരുന്നത്. അവര്‍ നിക്ഷേപകരുടെ സമ്പാദ്യം അപഹരിച്ചതിന്റെ ഭാഗമായി 1947 നും 1969 ലെ ബാങ്ക് ദേശസല്ക്കരണത്തിനും ഇടയില്‍ ഇന്ത്യയില്‍ 569 സ്വകാര്യ ബാങ്കുകളാണ് ഇന്ത്യ യില്‍ തകര്‍ന്നത്. കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ മേല്‍ക്കൈ നേടുന്നതിന് വേണ്ടിയാണെങ്കിലും ഇന്ദിരാ ഗാന്ധിയുടെ ബാങ്ക് ദേശസല്‍ക്കരണം പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തിയെങ്കിലും സ്വകാര്യ ബാങ്കുകള്‍ തകര്‍ന്നുകൊണ്ടിരുന്നു. 1969 ന് ശേഷം 36 സ്വകാര്. ബാങ്കുകള്‍ നമ്മുടെ രാജ്യത്ത് തകര്‍ന്നു. എന്നാല്‍ ഒരൊറ്റ പൊതുമേഖലാ ബാങ്കും തകര്‍ന്നില്ല എന്നു മാത്രമല്ല തകര്‍ന്ന സ്വകാര്യ ബാങ്കുകള്‍ ഏറ്റെടുത്ത് നിക്ഷേപകരുടെ പണം തിരികെ നല്‍കിയത് പൊതുമേഖലാ ബാങ്കുകളായിരുന്നു. എന്തിനേറെ 2008 നും 2012 നും ഇടയില്‍ 456 സ്വകാര്യബാങ്കുകള്‍ അമേരിക്കയില്‍ മാത്രം തകര്‍ന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും സ്വകാര്യ ബാങ്കായ ഐസി ഐസി ഐ തകര്‍ച്ചയുടെ വക്കിവരെ എത്തിയിരുന്നു. ഭീതി കാരണം ഇടപാടുകള്‍ പുലര്‍ച്ചവരെ ബാങ്കിന്റെ എടിഎം കൗണ്ടറുകളില്‍ വരി നിന്ന് പണം പിന്‍വലിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്ദ്ധശപ്രകാരം എസ് ബി ഐ വനതോതില്‍ പണം നല്‍കായാണ് ഈബാങ്കിനെ രക്ഷിച്ചത്.
ഇങ്ങിനെയുള്ള പൊതുമേഖലാ ബാങ്കുകളാണ് മല്യ ഉള്‍പ്പെടെയുള്ള ശതകോടീശ്വരന്മാര്ക്കുവേണ്ടി ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരികള്‍ തന്നെ മലര്‍ക്കെ തുറന്നുകൊടുക്കുന്നത്. ബാങ്കുകളില്‍ കിട്ടാക്കടത്തിന്റെ 88 ശതമാനവും വരുത്തിയിരിക്കുന്നത് ഇന്ത്യന്‍ കോര്‍പ്പറേറ്റുകളാണെന്ന് വ്യക്തമായിട്ടും വന്‍കിട കോര്‍പ്പറേറ്റ്#ുകളടെ സംഘടനയായ ഫിക്കിയുടെയും അസോച്ചത്തിന്റെയും ആവിശ്യം പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്ക്കരിക്കണം എന്നതായിരുന്നു ഈ സംഘടനകളുടെ പ്രതിനിധികളെ ആണ് നരേന്ദ്ര മോഡിയുടെ വിദേശ യാത്രാവേളയില്‍ കൂടെ കൂട്ടാറുള്ളത്. നീരവ് മോഢിയുടെ ചിത്രം പുറത്തുവന്നപ്പോള്‍ നമ്മള് കണ്ടതാണ് .വിവരവകാശ നിയമപ്രകാരം ചോദിച്ച ഒരു ചോദ്യത്തിന് ആര് ബി ഐ നല്കിയ മറുപടിയില്‍ പറയുന്നത് 2016 ല 615 അക്കൗണ്ടുകളിലായി നല്കിയ കാര്‍ഷിക കടം 5861 കോടി രൂപയായിരുന്നു എന്നതാണ് അതായത് ഒരു ദരിദ്ര കര്ഷകന് 9.53 കോടി രൂപ. ഇന്ത്യ ആരുടേതെന്ന ചോദ്യത്തിന് ‘ദരിദ്ര നാരായണന്മാരുടേത്’ എന്നും എന്താണ് ഈ രാഷ്ട്രത്തിന്റെ ലക്ഷ്യം എന്ന ചോദ്യത്തിന് ‘To wipe out the tears from the eyeosf the common man’ എന്നും ഉത്തരം നല്കിയ ഗാന്ധിയുടെ രാജ്യത്ത് ഈ രാജ്യം കോര്‍പ്പറേറ്റുകളുടേതാണ്, ഈ രാഷ്ട്രത്തിന്റെ ലക്ഷ്യം കോര്‍പ്പറേറ്റ് കടങ്ങളെ ദേശസല്ക്കരിക്കലാണ് എന്നു പറയുന്നവരാണ് ഇന്ന് നാട് ഭരിക്കുന്നത്.
ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താക്കളായ ബാങ്ക് അധികാരികളില്‍ ചിലര്‍ കോര്‍പ്പറേറ്റുകളെ വഴിവിട്ട് സഹായിച്ച അനുഭവത്തിന്റെ ഉദാഹരണമായിരുന്നു. മല്യ ഉള്‍പ്പെടെ ഉള്ളവരുടെ തട്ടിപ്പുകള്‍ ഹര്‍ഷാദ് മേത്ത കേദന് പരേഗ് എന്നിവരില്‍ തുടങ്ങിയ പട്ടിക പിന്നീട് ജിതിന് മേത്ത, വിജയ് മല്യ , സഞ്ജയ് മണ്ഡാരി, ദീപക് തല്‍വാര്‍ തുടങ്ങിയ തട്ടിപ്പു വീരന്മാരിലൂടെ ഇന്ന് നീരവ് മോദി, വിക്രം കോത്താരി,മെഹാല് ചോക്സി, എന്നിവരില്‍ എത്തി നില്ക്കുന്നു. കൊട്ടിഘോഷിച്ച നോട്ട് നിരോധനം സാധാരണക്കാരന്റെ പണം ബാങ്കുകളില്‍ തിരിച്ചെത്തിച്ച വനകിടക്കാര്ക്ക് ചൂതാട്ടത്തിനുള്ള അവസരമൊരുക്കാന്‍ വേണ്ടിയായിരുന്ന എന്ന ചര്‍ച്ചയും ഇന്ന് പ്രസക്തമായി.
നിയന്ത്രണങ്ങളും പരിശോധനകളും കര്‍ശനമായി ഊഹ കച്ചവട രംഗത്തേക്ക് പണമൊഴുക്കുന്നത് നിയന്ത്രിച്ചും മാത്രമേ ബാങ്കിങ്ങ് തട്ടിപ്പുകള്‍ക്ക് അറുതി വരുത്താനാകൂ. കര്‍ഷകരേയും സാധാരണക്കാരേയും ബാങ്കുകളില്‍ നിന്ന് അകറ്റി വന്‍കിടക്കാര്‍ക്ക് വഴി വിട്ട വായ്പകളും , ഗ്യാരണ്ടികളും നല്കുന്ന രീതിക്ക് അറുതി വരുത്താന്‍ നെഞ്ചളവിന്റെ 55 ഇഞ്ച് വികാസമല്ല, നെഞ്ചിടിപ്പുള്ള രാഷ്ട്രീയ തീരുമാനം എടുക്കുന്ന ഭരണാധികാരിയെയാണ് ഇന്നത്തെ ഇന്ത്യക്ക് ആവിശ്യം. അങ്ങനെ ചങ്കുറപ്പുള്ള ഒരു ഭരണകൂടത്തിന് കുറ്റവാളികള്‍ക്ക് ജയിലില്‍ സൂട്ട് റൂമൊരുക്കി കാത്തിരിക്കേണ്ട ഗതികേടും ഉണ്ടാവില്ല.