നാഗ്പൂര്‍: ഔദ്യോഗിക വിദേശപര്യടനത്തില് മകനെ പ്രൈവറ്റ് സെക്രട്ടറിയാക്കി കൂടെ കൂട്ടിയ ബിജെപി മേയര്‍ വിവാദത്തില്‍. നാഗ്പൂര്‍ മുനിസിപ്പല്‍ കോര്പറേഷന് മേയര്‍ നന്ദ ജിക്കാര് ആണ് വിവാദത്തിലായിരിക്കുന്നത്.
മകന് പ്രൈവറ്റ് സെക്രട്ടറിയാണെന്ന് കാണിക്കുന്ന രേഖകള്‍ ഉണ്ടാക്കിയാണ് അവര്‍ ഒപ്പംകൂട്ടിയത്. സെപ്തംബര്‍ 12-14 തീയതികളില്‍ കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ഗ്ലോബല്‍ ക്ലൈമറ്റ് ആക്ഷന്‍ സമ്മിറ്റിലേക്കാണ് നന്ദ ജിക്കാറിനെ ക്ഷണിച്ചിരുന്നത്.
ഔദ്യോഗിക യാത്രയില്‍ ഇളയ മകന് പ്രിയേഷ് ജിക്കാറിനെയും നന്ദ ഒപ്പം കൂട്ടുകയായിരുന്നു. മുംബൈയില്‍ വിദ്യാര്‍ത്ഥിയാണ് പ്രിയേഷ്.
മേയറുടെ നടപടിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രദേശിക നേതാക്കള്‍ രംഗത്തെത്തി. മുനിസിപ്പല്‍ കോര്പറേഷന് ജീവനക്കാരനല്ലാത്ത പ്രിയേഷിനെ പ്രൈവറ്റ് സെക്രട്ടിയാക്കിയത് മേയറുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് കോണ്‍ഗ്രസ് നേതാവ് വികാസ് താക്കറെ പറഞ്ഞു.
പ്രൈവറ്റ് സെക്രട്ടറിയുടെ പദവി ഔദ്യോഗികമാണ്. എന്നാല്‍ മകന് കോര്‍പറേഷനില്‍ ജീവനക്കാരനല്ല. അമേരിക്കയിലേക്ക് അവരെ ക്ഷണിച്ചവരെയും അവര്‍ തെറ്റിദ്ധരിപ്പിച്ചു. അവരുടെ പ്രവര്‍ത്തി രാജ്യത്തിന് തന്നെ അവമതിപ്പുണ്ടാക്കിയെന്നും താക്കറെ പറയുന്നു. നന്ദ ജിക്കാറിന്റെ രാജി കോണ്‍ഗ്രസ് ആവശ്യപ്പെടില്ല. അത് അവര്‍ സ്വയം ചെയ്യട്ടെയെന്നും കോണ്‍ഗ്രസ് പറയുന്നു.