ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച ബുരാരിയിലെ ഒരു കുടുംബത്തിലെ പതിനൊന്ന് പേര് മരിച്ച സംഭവം ആത്മഹത്യയല്ലെന്ന് സൈക്കോളജിക്കല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇവരുടേത് ആത്മഹത്യയല്ലെന്നും ഒരു ആചാരനുഷ്ഠാനത്തിന് ഇടയില്‍ ഉണ്ടായ അപകടമാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തിന് തൊട്ട് മുമ്പ് മരിച്ചവരുടെ മാനസികനില എങ്ങനെയാണെന്ന് പഠിക്കുകയാണ് സൈക്കോളജിക്കല്‍ ഓട്ടോപ്സിയിലൂടെ ചെയ്യുന്നത്. മരിച്ച ആര്‍ക്കും അവരുടെ ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മരിച്ചവരുടെ വീടുകളില്‍ നിന്ന് കിട്ടിയ ഡയറിക്കുറിപ്പുകള്‍, ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിച്ച് പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ എന്നിവ പരിശോധിച്ചാണ് സിബിഐയുടെ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ആത്മഹത്യയല്ലെന്ന നിഗമനത്തിലെത്തിയത്.
കഴിഞ്ഞ ജൂലായ് ഒന്നിനാണ് ഡല്‍ഹി ബുരാരിയില്‍ ലളിത് ഭാട്ടിയയുടെ കുടുംബത്തിലെ പതിനൊന്ന് പേരെ വീട്ടിനുള്ളില്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്.