ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളികള്‍ക്ക് നേരെ മോഷ്ടാക്കളുടെ ആക്രമണം. ആക്രമണത്തില്‍ തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍, അശോകന്, എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാര്‍ മോഷണം ചെറുക്കുന്നതിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റത്.
ഡല്‍ഹി കക്കഡ് ദൂമയില്‍ രാത്രി എട്ടരയ്ക്കാണ് സംഭവം. തോക്ക് ചൂണ്ടിയാണ് മോഷ്ടാക്കള്‍ കാര്‍ തട്ടിയെടുത്തത്. നാലു പേരടങ്ങുന്ന സംഘമാണ് ചെങ്ങന്നൂര്‍ സ്വദേശി രാധാകൃഷ്ണന്റെ കാര്‍ തട്ടിയെടുത്തത്.
തിരുവനന്തപുരം സ്വദേശികളെ വഴിയില്‍ തടഞ്ഞുനിര്ത്തിയതുകണ്ടു സുഹൃത്തായ രാധാകൃഷ്ണന് വിഷയത്തില്‍ ഇടപെടുകയായിരുന്നു. അക്രമികള്‍ തോക്കിന്റെ ചുവടുഭാഗം കൊണ്ടു യാത്രക്കാരിലൊരാളുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അബോധാവസ്ഥയിലാക്കി കാര്‍ കടത്താനായിരുന്നു പദ്ധതി. പരുക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.