ന്യൂഡല്‍ഹി: ദിനംപ്രതി പെട്രോള്‍ വിലകൂടിക്കൊണ്ടിരിക്കുന്നതുള്പ്പെടെ ധാരാളം ആരോപണങ്ങളുടെയും പ്രശ്നങ്ങളുടെയും നടുവിലാണ് കേന്ദ്രസര്‍ക്കാര്‍. അതിനിടയില്‍ വീണ്ടും കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തല്‍. വായ്പത്തട്ടിപ്പുകാരുടെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്നാണ് രാജന് കഴിഞ്ഞദിവസം പാര്‍ലമെന്ററിസമിതിയെ അറിയിച്ചത്. ഈവിഷയങ്ങളിലും രഘുറാം രാജന് നല്കിയ മുന്നറിയിപ്പിലും നടപടിയെടുത്തില്ലെന്ന ആരോപണം പ്രധാനമന്ത്രിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായയെത്തന്നെ ബാധിച്ചേക്കാം. ഇക്കാര്യത്തില്‍ ധനമന്ത്രിക്കും സര്‍ക്കാരിനും ഏറെ വിശദീകരിക്കേണ്ടിവരും. രഘുറാം രാജന്റെ വെളിപ്പെടുത്തല്‍ കൂടിയായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദത്തിലായി.
മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് തെലുങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ തൊട്ടടുത്തെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിനും മാസങ്ങള്‍ മാത്രമേ ബാക്കിയുളളു. രാജ്യംവിട്ട വിജയ് മല്യയുടെയും നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും ഉന്നതബന്ധങ്ങള്‍ പ്രതിപക്ഷത്തിന് വലിയ രാഷ്ട്രീയ ആയുധമാണ് നല്‍കിയിരിക്കുന്നത്. അതോടൊപ്പം തന്നെ രൂപയുടെ മൂല്യത്തകര്‍ച്ചയും, ദിനംപ്രതി വര്‍ധിച്ചുവരുന്ന പെട്രോള്‍ വിലയും പ്രതിപക്ഷത്തിന് വീണുകിട്ടിയ അവസരങ്ങളാണ്. റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതിയാരോപണത്തിലും വിശ്വസനീയമായ മറുപടിനല്കാന് കേന്ദ്രസര്‍ക്കാരിനായിട്ടില്ല. അതോടൊപ്പം പൂര്‍ണ തോതിലല്ലെങ്കില്പോലും പ്രതിപക്ഷ ഐക്യം യാഥാര്ഥ്യമായേക്കാവുന്ന സാഹചര്യം രൂപപ്പെട്ടുവരുന്നു. ഈ വെല്ലുവിളികളൊക്കെ കേന്ദ്രസര്‍ക്കാര്‍ എങ്ങനെ നേരിടും എന്നത് കണ്ടറിയേണ്ട കാര്യമാണ്.