ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് രോഗശമനത്തിനുള്ള ശേഷിയുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ രാജ്യത്ത് 328 മരുന്നു സംയുക്തങ്ങള്‍ കേന്ദ്രം നിരോധിച്ചു. ഇവയുള്‍പ്പെടെയുളള പതിനായിരത്തോളം ബ്രാന്‍ഡുകള്‍ ഇനി രാജ്യത്ത് ഉണ്ടാക്കാനോ വില്‍ക്കാനോ സാധിക്കില്ല. ഇവയെപ്പറ്റി പഠിക്കാന്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ വിദഗ്ധസമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് നിരോധനം.
ഈ മരുന്നുകള്‍ക്ക് രോഗശമനത്തിനുള്ള ശേഷിയുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തിയാണ് നിരോധനമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രണ്ടോ അതിലധികമോ ഔഷധച്ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് മരുന്നു സംയുക്തങ്ങള്‍.
നിയന്ത്രണമേര്‍പ്പെടുത്തിയ മരുന്നു സംയുക്തങ്ങള്‍
1. അമോക്സിലിന്‍ 250 എം.ജി.+ പൊട്ടാസ്യം ക്ലാവുലനേറ്റ് ഡൈലേറ്റഡ് 62.5 എംജി
2. ഗ്ലിമെപിറൈഡ് + പയോഗ്ലിറ്റസോണ്‍ + മെറ്റ്ഫോര്‍മിന്‍
3. ഗ്ലൈബെന്ക്ലാമൈഡ് + മെറ്റ്ഫോര്‍മിന്‍ (എസ്ആര്‍) + പയോഗ്ലിറ്റസോണ്‍
4. ബെന്‍സോക്സോണിയം ക്ലോറൈഡ് + ലൈഡോകെയ്ന്‍
5. പാരസെറ്റമോള്‍ + പ്രോക്ലോപെറാസിന്‍
ആരോഗ്യത്തിന് ഹാനികരമാകും വിധം മരുന്നുകള്‍ കൂട്ടിച്ചേര്‍ത്താണ് പല കമ്പനികളും മരുന്നുകള്‍ നിര്‍മിക്കുന്നതെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ പ്രൊഫ ചന്ദ്രകാന്ത് കോകാടെ സമിതി കണ്ടെത്തിയിരുന്നു. സമിതിയുടെ പഠന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രം 2016-ല്‍ 349 മരുന്നുസംയുക്തങ്ങള്‍ നിരോധിച്ചത്. ഇവയില്‍ 1988-നു മുന്‍പ് അംഗീകാരം ലഭിച്ച 15 മരുന്നു സംയുക്തങ്ങളും നിയന്ത്രണമേര്‍പ്പെടുത്തിയ ആറു മരുന്നുസംയുക്തങ്ങളും ഒഴികെയുള്ള എല്ലാ മരുന്നുകള്‍ക്കും നിരോധനം ബാധകമാണ്.
പ്രമുഖ ബ്രാന്‍ഡുകളായ സറിഡോന്‍ (പിറമോള്‍), ടാക്സിം എ ഇസഡ് (അല്‍ക്കേം ലബോറട്ടറീസ്), പാന്‍ഡേം പ്ലസ് ക്രീം (മക്ലിയോഡ്സ് ഫാര്‍മ) എന്നിവ നിരോധിച്ച മരുന്നുകളിലുള്പ്പെടുന്നു. ഇതോടെ ഇന്ത്യന്‍ ഔഷധ നിര്‍മാണ മേഖലയില്‍ 1,500 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.