ന്യൂഡല്‍ഹി: മോമോ എന്ന മരണക്കളിക്കെതിരെ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബ്ലൂവെയിലെന്ന കൊലയാളിക്ക് ശേഷമാണ് മോമോ ചലഞ്ച് വന്നത്. ഇതിനെതിരെ മുന്നറിയിപ്പ് നോട്ടീസ് ഇറക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്കി. കളിക്കുന്നവരെ മാനസികാഘാതത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന ഈ ഓണ്‍ലൈന്‍ ഗെയിം കുട്ടികള്‍ക്കിടയില്‍ പ്രചരിക്കാതിരിക്കാന്‍ മുന്കരുതലെടുക്കണമെന്നുാണ് കേന്ദ്ര മാനവശേഷി വകുപ്പിന്റെ നിര്‍ദേശം.
സാമൂഹികമാധ്യമങ്ങളില്‍ ഗെയിമിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. സ്കൂളുകളിലും കോളേജുകളിലും ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പു നോട്ടീസ് ഇറക്കണം. യുജിസി, സിബിഎസ്ഇ, എഐസിടിഇ എന്നിവയും നോട്ടീസ് പുറപ്പെടുവിക്കും. വാട്സാപ്പ് വഴിയാണ് പ്രധാനമായും ഈ ഗെയിം പ്രചരിക്കുന്നത്.അപരിചിതമായ ഒരു വിദേശ നമ്പറില്‍ നിന്ന് വരുന്ന സന്ദേസങ്ങളില് നിന്നാണ് ഈ ഗെയിമിന്റെ തുടക്കം.
തുടര്‍ന്നു സാഹസികമായ വെല്ലുവിളികള്‍ ഉപയോക്താവിനു നല്കിത്തുടങ്ങും. വെല്ലുവിളി സ്വീകരിക്കാത്തവരെ ഭീഷണിപ്പെടുത്തും. ഇത് മാനസികമായി സമ്മര്‍ദമുണ്ടാക്കാന്‍ കാരണമാകുന്നു.ജപ്പാനിലെ ‘മദര്‍ ബേര്‍ഡ്’ എന്ന ശില്പത്തിന്റെ രൂപമാണ് മോമോയുടോതായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പുറത്തേക്കുതള്ളിയ കണ്ണുകളും നീണ്ട ചുണ്ടുകളുമുള്ള ഭീകരരൂപമാണിത്. തങ്ങളുടെ കുട്ടികള്‍ ഈ മരണക്കളിയില്‍ ചെന്നുപെടാതിരിക്കാന്‍ രക്ഷിതാക്കള്‍ക്കും മുന്‍കരുതലെടുക്കാന്‍ സാധിക്കും.
അവര്‍ ചെയ്യേണ്ടത്; കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം സ്ഥിരമായി നിരീക്ഷിക്കുക,ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്വേറുകള് മൊബൈല്‍ ഫോണിലും കംപ്യൂട്ടറിലും ഇന്‍സ്റ്റാള്‍ ചെയ്യുക,അധ്യാപകരുമായി നിരന്തരം ആശയവിനിമയം പുലര്‍ത്തുക, കുട്ടിയില്‍ ഗെയിമിനെക്കുറിച്ച് ജിജ്ഞാസ വളര്‍ത്തുന്നരീതിയില്‍ സംസാരിക്കരുത്, കുട്ടിയുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിയുക. ദേഷ്യം, വിഷാദം, കൂട്ടുകാരില്‍നിന്നും വീട്ടുകാരില്‍ നിന്നുമുള്ള ഉള്‍വലിയല്‍ എന്നിവ കണ്ടാല്‍ ഉടനെ വിശദമായി അന്വേഷിക്കുക. അര്‍ജന്റീനയില്‍ 12-കാരിയുടെ മരണത്തിനിടയാക്കിയത് മോമോ ആണെന്നു പോലീസ് സംശയിക്കുന്നു.