കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്കിയ കന്യാസ്ത്രീയെ അപമാനിച്ച പിസി ജോര്‍ജിനെതിരെ പ്രതിഷേധം കനക്കുന്നു. പിസി ജോര്‍ജിനെതിരെ മുന്‍ ബോളിവുഡ് താരം രവീണാ ടണ്ടനും രംഗത്ത്. കന്യാസ്ത്രീയെ അധിക്ഷേപിച്ച് റിപ്പബ്ലിക് ടിവിയില്‍ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് വൈകാരിക പ്രകടനങ്ങളുമായി രവീണ എത്തിയത്.
വനിതാ കമ്മീഷന് ഇതൊന്നും കാണുന്നില്ലേ. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും വനിത കമ്മീഷന് കേസെടുക്കാന്‍ സാധിക്കില്ലേന്നും രവീണ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടിവിയില്‍ സംസാരിക്കവേ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ജോര്‍ജിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിത കമ്മീഷന് രംഗത്ത് വന്നിട്ടുണ്ട്.
പിസി ജോര്‍ജ് മുഴുവന്‍ നിയമസഭാ സാമാജികര്‍ക്കും അപമാനമാണെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു. അസഭ്യ വര്‍ഷം നടത്തുന്നതില്‍ എംഎല്‍എ മിടുക്കനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കോട്ടയത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തിലും കന്യാസ്ത്രീക്കു നേരെ ജോര്‍ജ് അധിക്ഷേകരമായ പരാമര്‍ശങ്ങള്‍ നടത്തി. ഇതിനെതിരെ ഇപ്പോള്‍ രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് രൂപം കൊള്ളുന്നത്.