അഹമ്മദാബാദ്: പശുക്കളെ പൊതുസ്ഥലങ്ങളില്‍ അലഞ്ഞുതിരിയാന്‍ വിടുന്ന ഉടമസ്ഥര്‍ക്ക് ആധാറില്‍ ‘കെണി’. നഗരങ്ങളില്‍ ചുറ്റിനടക്കുന്ന പശുക്കളെയും കാളകളെയും പിടികൂടി ചെവിയില്‍ പ്ലാസ്റ്റിക് ടാഗിട്ട് അതില്‍ രജിസ്ട്രേഷന് നമ്പര്‍ ചേര്‍ക്കുകയും ഇത് ഉടമസ്ഥരുടെ ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്യും.
സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് പശുക്കള്‍ തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞ് ഗതാഗതതടസ്സമടക്കമുള്ള ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി.
പിടികൂടിയ പശുക്കളെ അന്വേഷിച്ചെത്തുന്ന ഉടമകളില്‍നിന്ന് ആധാര്‍ നമ്പറും ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ളവ ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തും. ഉടമസ്ഥരെ പെട്ടെന്ന് തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കാന്‍ ഇതുപകരിക്കും.
ഇതിനകം കാല്‍ലക്ഷത്തോളം പശുക്കള്‍ക്ക് നമ്പറിടുകയും അത് ആയിരത്തി അഞ്ഞൂറോളം ഉടമസ്ഥരുടെ ആധാറുമായി ബന്ധിപ്പിക്കുകയും ചെയ്തതായി സൂറത്ത് മുനിസിപ്പല്‍ കോര്പ്പറേഷന് മാര്‍ക്കറ്റ് സൂപ്രണ്ട് ഡോ. പ്രഫുല്‍ മേത്ത പറഞ്ഞു. ഇനിയും 25,000-ത്തോളം പശുക്കള്‍ക്ക്
നമ്പറിടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആധാറില്ലാത്തവരുടെ ഡ്രൈവിങ് ലൈസന്‍സ് പോലുള്ള രേഖകളാണ് ഉപയോഗിക്കുന്നത്. ആദ്യതവണ തെരുവില്‍നിന്ന് പശുക്കളെ പിടികൂടിയാല്‍ 1800 രൂപയാണ് പിഴ. നാലുതവണ പശുക്കള്‍ പിടിക്കപ്പെട്ടാല്‍ ഉടമസ്ഥന് പിന്നെ പശുക്കളെ തിരിച്ചുനല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.